| Tuesday, 27th February 2024, 9:03 pm

ഏറെ കാലത്തെ ഇടവേള, ദ്രാവിഡും ജെയ് ഷായും പറഞ്ഞത് കേട്ടില്ല; കേന്ദ്ര കരാറില്‍ നിന്നും പുറത്താക്കിയപ്പോള്‍ രണ്ടാളും ദാ തിരിച്ചുവരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. 2024 ഡി.വൈ. പാട്ടീല്‍ ടി-20 കപ്പില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ടീമിനായി കളിക്കാനാണ് താരം തിരിച്ചെത്തിയത്.

നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ റൂട്ട് മൊബൈല്‍ ലിമിറ്റഡിനെതിരെ വെറും 19 റണ്‍സ് മാത്രമാണ് തിരിച്ചുവരവില്‍ താരം നേടിയത്. ടോസ് നേടിയ ആര്‍.ബി.ഐ ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ കിഷന്‍ വിക്കറ്റ് കീപ്പറായും ചുമതലയേറ്റു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ ഓപ്പണിങ് ഇറങ്ങിയതും ഇഷാന്‍ ആയിരുന്നു. മാക്സ്വെല്‍ സ്വാമിനാഥനാണ് താരത്തെ പുറത്താക്കിയത്.

ഷഹബാസ് നദീം, അമിത് മിശ്ര, അങ്കിത് രാജ്പൂട്ട്, ധ്രുവ് ഷോറി, റിയാന്‍ പരാഗ് എന്നിവരും ആര്‍.ബി.ഐക്ക് വേണ്ടി കളിച്ചിരുന്നു. 2023 നവംബറില്‍ ഓസ്ട്രേലിയക്കെതിരായ ഒരു ടി-20 ഐയിലാണ് ഇഷാന്‍ മൂന്ന് മാസം മുമ്പ് കളിച്ചത്. എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പര്യടനം താരം പാതിവഴിയില്‍ ഉപേക്ഷിച്ചു.

ശേഷം ഏറെ കാലം താരം ക്രിക്കറ്റില്‍ നിന്ന് മാറിനിന്നിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് തിരിച്ച് വരാന്‍ പോലും താരം കൂട്ടാക്കിയല്ല. ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷായും ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഇഷാനോടും ശ്രേയസ് അയ്യരോടും തിരിച്ച് വരാന്‍ പറഞ്ഞെങ്കിലും ഇരുവരും ഇത് നിരസിക്കുകയായിരുന്നു. ശ്രേയസും സമാന രീതിയില്‍ ടീമില്‍ നിന്നും വിട്ടുനിന്നിരുന്നു.

ഇതേ തുടര്‍ന്ന് ഇഷാന്‍ കിഷനെതിരെയും ശ്രേയസ് അയ്യര്‍ക്കെതിരെയും കര്‍ശന നടപടിയാണ് ബി.സി.സി.ഐ സ്വീകരിച്ചതും. രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാത്തതിനും അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാണിച്ച് ബി.സി.സി.ഐയുടെ കേന്ദ്ര കരാറില്‍ നിന്നും ഇരുവരേയും നേരത്തെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഫസ്റ്റ് ക്ലാസില്‍ പങ്കെടുക്കാത്തത് ശാരീരികമായ പ്രശ്നങ്ങള്‍ കാരണമാണെന്ന് ശ്രേയസ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ താരത്തിന്റെ ആരോഗ്യ നില പരിശോധിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും കണ്ടില്ലായിരുന്നു. ഇഷാന്‍ കിഷനും ഇതുപോലെ ഫസ്റ്റ് ക്ലാസ് കളിക്കാത്തതില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ഈയിടെ ജയ് ഷാ ഇന്ത്യന്‍ താരങ്ങള്‍ക്ക് കനത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഷാ പറഞ്ഞിരുന്നു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തയ്യാറെടുക്കുന്നതിനായി കിഷന്‍ രഞ്ജി ട്രോഫി സീസണ്‍ ഒഴിവാക്കിയത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ബറോഡയില്‍ പരിശീലനത്തില്‍ താരം പങ്കെടുത്തിരുന്നു.

എന്നാല്‍ കളിക്കളത്തില്‍ നിന്ന് ഏറെക്കാലം വിട്ടുനില്‍ക്കുന്ന ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ തിരിച്ചുവരുമെന്ന് അറിയിച്ചിരുന്നു. തമിഴ്‌നാടിനെതിരെ നടക്കാനിരിക്കുന്ന സെമി-ഫൈനല്‍ മത്സരത്തില്‍ താരം മുംബൈക്ക് വേണ്ടി കളിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ ബി.കെ.സി ക്രിക്കറ്റ് അസോസിയേഷന്റെ ഗ്രൗണ്ടിലാണ് രഞ്ജി ട്രോഫി സെമി മത്സരം ആരംഭിക്കുന്നത്.

Content Highlight: Indian wicketkeeper-batsman Ishan Kishan has returned to cricket after three months

We use cookies to give you the best possible experience. Learn more