| Sunday, 18th February 2024, 7:29 pm

ഇസ്രഈലിൽ നിന്നുള്ള ആയുധ കാർഗോകൾ കൈകാര്യം ചെയ്യില്ല: ജല ഗതാഗത തൊഴിലാളി യൂണിയൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇസ്രഈലിൽ നിന്നോ അവരെ പിന്തുണക്കുന്ന രാജ്യങ്ങളിൽ നിന്നോ ഉള്ള ആയുധ കാർഗോ കൈകാര്യം ചെയ്യില്ലെന്ന് വാട്ടർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.ടി.ഡബ്ല്യു.എഫ്.ഐ).

ഫെബ്രുവരി 14നാണ് ഇത് സംബന്ധിച്ച് സംഘടന പ്രസ്താവന പുറത്തുവിട്ടത്. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡബ്ല്യു.ടി.ഡബ്ല്യു.എഫ്.ഐ ഇന്ത്യയിലെ 11 പ്രധാന തുറമുഖങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ആകെ 3,500 തൊഴിലാളികളാണ് സംഘടനയിലുള്ളത്.

‘നിലവിൽ ഫലസ്തീനിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടത്തുന്ന ആക്രമണങ്ങൾ വലിയ നഷ്ടങ്ങളും ദുരിതങ്ങളുമുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇസ്രഈലിൽ നിന്നുള്ള എല്ലാ തരം ആയുധ കാർഗോകളും കൈകാര്യം ചെയ്യുന്നത് നിരസിക്കാൻ നമ്മുടെ യൂണിയൻ കൂട്ടത്തോടെ തീരുമാനമെടുത്തിട്ടുണ്ട്.

ഉത്തരവാദിത്തമുള്ള വ്യാപാര യൂണിയൻ എന്ന നിലയിൽ, സമാധാനത്തിനായി നിലകൊള്ളുകയും സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യം ഉന്നയിക്കുകയും ചെയ്യുന്നവർക്ക് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,’ പ്രസ്താവനയിൽ പറയുന്നു.

ഇസ്രഈലിലേക്കോ ഫലസ്തീനിലേക്കോ ആയുധങ്ങൾ കൊണ്ടുപോകുന്ന കപ്പലുകൾ കൈകാര്യം ചെയ്യരുതെന്ന് രാജ്യത്തെ പ്രധാന തുറമുഖത്തിലെ തൊഴിലാളികളോടും സംഘടന ആഹ്വാനം ചെയ്തു.

വ്യാപാര യൂണിയനുകളുടെ അന്താരാഷ്ട്ര സംഘടനയുടെ ഭാഗമാണ് തങ്ങൾ എന്നും നവംബറിൽ നടന്ന വ്യാപാര യൂണിയനുകളുടെ രാജ്യാന്തര യോഗത്തിൽ വെച്ച് പാലസ്തീനിൽ എന്താണ് സംഭവിക്കുന്നത് എന്ന് അവിടെയുള്ള യൂണിയൻ പ്രതിനിധികൾ വിശദീകരിച്ചു എന്നും ഡബ്ല്യു.ടി.ഡബ്ല്യു.എഫ്.ഐയുടെ ജനറൽ സെക്രട്ടറി ടി. നരേന്ദ്ര റാവു സിയാസതിനോട് പറഞ്ഞു.

ഈയിടെ 20 ഹെർമസ് ഡ്രോണുകൾ ഇന്ത്യ ഇസ്രഈലിലേക്ക് അയച്ചിരുന്നു.

Content Highlight: Indian water transport workers won’t handle weaponised cargo from Israel

Latest Stories

We use cookies to give you the best possible experience. Learn more