| Saturday, 27th August 2022, 12:04 pm

നമ്മളിപ്പോള്‍ പൂജ്യത്തിലാണ്, പൂജ്യത്തില്‍ നിന്നുമാണ് ഇന്ത്യ തുടങ്ങുന്നത്: കെ.എല്‍. രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന്റെ രണ്ടാം മത്സരത്തിനായാണ് ക്രിക്കറ്റ് ലോകമൊന്നാകെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ റൈവല്‍റികളൊന്നായ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഓഗസ്റ്റ് 28നാണ് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് വിജയത്തേക്കാളപ്പുറം, ഇത് അഭിമാനത്തിന്റെ കൂടി പ്രശ്‌നമാണ്. ഐ.സി.സി ലോകകപ്പില്‍ പാകിസ്ഥാനോട് ഇതുവരെ തോറ്റിട്ടില്ല എന്ന മേന്‍മ, കഴിഞ്ഞ ടി-20 ലോകകപ്പില്‍ തച്ചുതകര്‍ക്കപ്പെട്ടതിന്റെ വേദനയോടെയാവും ഇന്ത്യ കളത്തിലിറങ്ങുക.

2021 ടി-20 ലോകകപ്പില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ബാബറും സംഘവും ഇന്ത്യന്‍ ടീമിനെ തകര്‍ത്തുവിട്ടപ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ തീരാക്കളങ്കമായിരുന്നു.

ആ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ഇന്ത്യ ഇനിയും കരകയറിയിട്ടില്ല എന്ന സൂചനകളാണ് ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ കെ.എല്‍. രാഹുല്‍ പങ്കുവെച്ചത്.

ലോകകപ്പില്‍ തോല്‍വി ആരെയും വേദനിപ്പിക്കുന്നതാണെന്നും പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ പൂജ്യത്തില്‍ നിന്നുമാണ് തുടങ്ങുന്നത് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

പ്രസ് കോണ്‍ഫറന്‍സിനിടെയായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

‘ലോകകപ്പിലെ ഏതൊരു മത്സരവും തോല്‍ക്കുന്നത് വേദനാജനകമാണ്. ഞങ്ങള്‍ക്ക് ആ മത്സരം ജയിക്കണമായിരുന്നു, എന്നാല്‍ പാകിസ്ഥാന്‍ ഞങ്ങളേക്കാള്‍ മികച്ച കളി പുറത്തെടുത്തു.

അവര്‍ക്കെതിരെ കളിക്കാനുള്ള ഒരു അവസരം കൂടി വന്നെത്തിയിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് പൂജ്യത്തില്‍ നിന്നുമാണ് ഈ മത്സരം തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ തോല്‍വി ഇനി കണക്കിലെടുക്കേണ്ടതില്ല,’ രാഹുല്‍ പറഞ്ഞു.

ഓഗസ്റ്റ് 28നാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം. ടി-20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ തന്നെ ടി-20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

വരാനിരിക്കുന്ന ടി-20 ഫോര്‍മാറ്റില്‍ പാകിസ്ഥാനെതിരെ അപ്പര്‍ ഹാന്‍ഡ് നേടുക, കഴിഞ്ഞ തോല്‍വിയുടെ പകരം വീട്ടുക എന്ന ലക്ഷ്യം തന്നെയായിരിക്കും രോഹിത്തിനും സംഘത്തിനും ഉണ്ടാവുക.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, ഷഹനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍, ഹസ്‌നെയ്ന്‍, ഹസന്‍ അലി

Content Highlight: Indian vice captain KL Rahul says India is starting from zero against Pakistan

We use cookies to give you the best possible experience. Learn more