| Friday, 16th September 2022, 4:16 pm

ഒന്ന് നിര്‍ത്തിക്കൂടേ? വ്യാജ ആരോപണത്തില്‍ കേരളത്തിനെതിരെ ആഞ്ഞടിച്ച് കെ. എല്‍. രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

തെരുവ് നായ വിഷയത്തില്‍ കേരളത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍. കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കെ.എല്‍. രാഹുല്‍ കേരളത്തിലെ തെരുവ് നായ വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി എത്തിയത്.

തെരുവ് നായ്ക്കളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘വോയ്‌സ് ഒഫ് സ്‌ട്രേ ഡോഗ്‌സ് – വി.ഒ.എസ്.ഡി (Voice of Stray Dogs – V.O.S.D) എന്ന സംഘടനയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുല്‍ വിഷയത്തിലെ തന്റെ പ്രതികരണമറിയിച്ചിരിക്കുന്നത്. പോസ്റ്ററിനൊപ്പം ‘പ്ലീസ് സ്റ്റോപ്പ്’ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

കേരളത്തില്‍ വീണ്ടും തെരുവ് നായകളെ കൂട്ടമായി കൊല്ലാന്‍ ആരംഭിച്ചിട്ടുണ്ടെന്നും, തെരുവ് നായകളും ഉടമസ്ഥരാല്‍ ഉപേക്ഷിക്കപ്പെട്ട നായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നുമാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്.

കേരളത്തിലെ സ്ഥിതി മോശമാണെന്നും തെരുവ് നായ്ക്കളെ സംരക്ഷിക്കണമെന്നും ആളുകള്‍ വി.ഒ.എസ്.ഡി തങ്ങളുടെ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

എന്നാല്‍ ആക്രമണകാരികളായ തെരുവ് നായ്ക്കളേക്കാള്‍ മനുഷ്യ ജീവന് പ്രാധ്യാനം നല്‍കണമെന്നും കേരളത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നില്ല എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് ഇത്തരമൊരു സംഭവം ഇനിയും നടന്നിട്ടില്ലാത്തതിനാല്‍ വ്യാജമായ ആരോപണമാണ് വി.ഒ.എസ്.ഡി ഉന്നയിക്കുന്നത്. ഇക്കാര്യവും ആളുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം, ഇന്ത്യയുടെ ടി-20 ലോകകപ്പിനുള്ള പരിശീലനത്തിലാണ് രാഹുല്‍. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച സ്‌ക്വാഡില്‍ രാഹുലും ഉള്‍പ്പെട്ടിരുന്നു.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ സമീപകാലത്ത് മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്, ഏഷ്യാ കപ്പിലും ഇത് അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ അദ്ദേഹം റണ്‍സ് നേടുന്ന ചില മത്സരങ്ങളും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പില മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് നൂറിനോടടുപ്പിച്ച് മാത്രമാണ്. ടി-20 ഫോര്‍മാറ്റില്‍ സാധാരണ ഉണ്ടാക്കേണ്ട ഇംപാക്ട് ഉണ്ടാക്കാന്‍ രാഹുലിന് ഇനിയും സാധിച്ചിട്ടില്ല.

വരാനിരിക്കുന്ന ലോകകപ്പില്‍ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് രാഹുലിന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Indian vice-captain KL Rahul against Kerala on false allegations

We use cookies to give you the best possible experience. Learn more