ഇന്ത്യ അണ്ടര്‍ 20 ടീമിന് പിന്നാലെ വമ്പന്മാരെ അട്ടിമറിച്ച് അണ്ടര്‍ 16 ടീമും. ജോര്‍ദാനില്‍ നടന്ന WAFF അണ്ടര്‍-16 ബോയ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. ഏഷ്യന്‍ ചാമ്പ്യന്മരായ ഇറാഖിനെതിരെ അധികസമയത്ത് ഭൂവനേഷ് നേടിയ ഗോളാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇന്നലെ സ്പെയിനില്‍ നടന്ന കോടിഫ് കപ്പ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ അണ്ടര്‍ 20 ടീം അര്‍ജന്റീനയെ പരാജയപ്പെടുത്തിയിരുന്നു. സീനിയര്‍ ടീമിന്റെ ത്രസിപ്പിക്കുന്ന ഈ വിജയത്തിന് പിന്നാലെയാണ് ജൂനിയര്‍ ടീമും ജേതാക്കളാവുന്നത്.
മത്സരത്തില്‍ ഇറാഖിനേക്കാള്‍ മികച്ച കളി പുറത്തെടുത്തത് ഇന്ത്യയായിരുന്നു. അടുത്തത് യെമനോടാണ് ഇന്ത്യയുടെ പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ജപ്പാനെതിരെ തോറ്റിരുന്നെങ്കിലും മികച്ച പോരാട്ടം കാഴ്ച വെച്ചിരുന്നു.
ആറു തവണ ലോകചാമ്പ്യന്മാരായ ടീമാണ് അര്‍ജന്റീന. അമ്പതാം മിനുട്ടില്‍ അങ്കിത് ജാവേദ് പരിക്കേറ്റ് പുറത്തായത് മുതല്‍ പത്തുപേരെ വെച്ചായിരുന്നു ഇന്ത്യ കളിച്ചിരുന്നത്.
നാലാം മിനുട്ടില്‍ ദീപകാണ് ഹെഡറിലൂടെ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് ഉയര്‍ത്തിയത്. ആ ലീഡില്‍ പിടിച്ചു നിന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കും വരെ 1-0 ല്‍ തന്നെ നിന്നു.
പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ഒന്ന് പരുങ്ങിയെങ്കിലും അന്‍വര്‍ അലിയിലൂടെ അര്‍ജന്റീനന്‍ വലകുലുക്കി ലീഡ് ഉയര്‍ത്തുകയായിരുന്നു. 68ാം മിനുട്ടിലാണ് അന്‍വര്‍ അലി ഒരു ലോംഗ് റേഞ്ചിലൂടെ 2-0 എന്ന നിലയില്‍ ടീമിനെ മുന്നില്‍ എത്തിച്ചത്.
വിജയത്തിന് അരികെ ഒരു ഗോള്‍ മടക്കി അര്‍ജന്റീന ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യ നിഷ്പ്രഭമാക്കി ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു.