| Tuesday, 14th May 2024, 8:43 am

യു.എന്നിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗസയില്‍ കൊല്ലപ്പെട്ടു; മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഗസയില്‍ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീന്‍ അതിര്‍ത്തി നഗരമായ റഫയില്‍ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് യു.എന്നിലെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുന്‍ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

യു.എന്‍ ഡി.എസ്.എസിലെ (യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി) സ്റ്റാഫ് അംഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എന്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ മരണത്തില്‍ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.

ഇതുവരെ ഗസയിൽ നിന്നുള്ള 190ലധികം യു.എന്‍ ഉദ്യോഗസ്ഥര്‍ ഫലസ്തീനിൽ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സില്‍ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എന്‍ സെക്രട്ടറി ജനറല്‍ എക്സില്‍ ചൂണ്ടിക്കാട്ടി.

യു.എന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്തവത്തില്‍ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എന്‍ അപകടവുമാണ്,’ ഫര്‍ഹാന്‍ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരന്‍ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിലില്‍ ഇസ്രഈലി സൈന്യമായ ഐ.ഡി.എഫിന്റെ ആക്രമണത്തില്‍ ഗസയില്‍ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെ ഏഴ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

2023 ഒക്ടോബര്‍ ഏഴിനും 2024 മെയ് 12നും ഇടയില്‍ ഗസയില്‍ 35,091 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 78,827 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് അറിയിച്ചു.

Content Highlight: Indian UN official killed in Gaza

We use cookies to give you the best possible experience. Learn more