ന്യൂദല്‍ഹി: ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ഇന്ത്യന്‍ ജനതയുടെ മനസില്‍ വിജയിച്ചു കയറിയാണ് ഇന്ത്യയുടെ കൗമാരപ്പട ലോകകപ്പ് അവസാനിപ്പിക്കുന്നത്. എന്നാല്‍ കളിയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയാണ് താരങ്ങള്‍.
കൊളംബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ താരം അന്‍വര്‍ അലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിന് പൊങ്കാലയിട്ടിരിക്കുകയാണ് സഹതാരമായ നോങ്ഡംബ നൗറേം. കൊളംബിയയ്ക്കെിതാരായ മത്സരത്തിനിടെ അന്‍വറിന് പരുക്കേറ്റിരുന്നു. ഇതിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിലായിരുന്നു നോങ്ഡംബയുടെ കമന്റ്.
“അനുഭവിക്കുന്ന വേദന അസഹനീയമാണ്. എന്നാല്‍ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പൊരുതുമ്പോള്‍ അതെല്ലാം മറക്കാന്‍ എനിക്ക് കഴിയും.” എന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്. ഇംഗ്ലീഷിലായിരുന്നു അന്‍വര്‍ ഇത് പറഞ്ഞത്.
എന്നാല്‍ ഉടനെ തന്നെ അന്‍വറിന്റെ പോസ്റ്റിലെ വികാരത്തെയെല്ലാം ഇല്ലാതാക്കികൊണ്ട് സഹതാരത്തിന്റെ കമന്റ് എത്തുകയായിരുന്ന. “അമ്പടാ! ഇതിനും മാത്രം ഇംഗ്ലീഷ് എവിടുന്ന് കൊണ്ടുവരുന്നു?” എന്നായിരുന്നു നൗറേമിന്റെ കമന്റ്. പിന്നാലെ മറ്റ് താരങ്ങളും അന്‍വര്‍ അലിയെ പൊങ്കാലയിടാന്‍ ഓടിയെത്തുകയാണ്.
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനായ പൃഥ്വിരാജിന്റെ ഇംഗ്ലീഷിലുള്ള പോസ്റ്റുകള്‍ക്ക് കിട്ടുന്ന പോലുള്ള പൊങ്കാലയാണ് അന്‍വറിന്റെ കടുകട്ടി ഇംഗ്ലീഷിനും ലഭിക്കുന്നത്. പക്ഷെ തന്നെ പൊങ്കാലയിട്ടതിന്റെ ദേഷ്യമൊന്നും അന്‍വര്‍ കളിക്കളത്തില്‍ പുറത്തെടുത്തില്ല.
ഇന്നലെ ഘാനയ്ക്കെതിരെ മിന്നും പ്രകടനമായിരുന്നു അന്‍വര്‍ പുറത്തെടുത്തത്. പ്രത്യേകിച്ചും ഒന്നാം പകുതിയില്‍. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും തലയുയര്‍ത്തി തന്നെയാണ് ഇന്ത്യയുടെ അണ്ടര്‍ 17 ടീം മടങ്ങുന്നത്.