| Monday, 13th November 2023, 2:20 pm

ഇസ്രഈല്‍ ഭീകരരോടുള്ള ഭയമല്ല, നിരപരാധികളായ ഫലസ്തീന്‍ തൊഴിലാളികളുടെ അവസരം തങ്ങള്‍ക്ക് വേണ്ട എന്ന ശക്തമായ നിലപാടാണ് ഇന്ത്യന്‍ ട്രേഡ് യൂണിയനുകള്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്രഈലില് ജോലി ചെയ്യുന്ന ഫലസ്തീന് പൗരന്മാര്ക്ക് പകരം ഒരു ലക്ഷത്തോളം ഇന്ത്യന് നിര്മാണ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ പത്തോളം ഇന്ത്യന് ട്രേഡ് യൂണിയനുകള് രംഗത്തെത്തിയിരുന്നു.

നിരപരാധികളായ ഒരു ജനതക്ക് മേല് ആക്രമണം അഴിച്ചുവിട്ട് അവരുടെ ജന്മഭൂമി രക്തകലുഷിതമാക്കിയ ഇസ്രഈല് ഭീകരരോടുള്ള ഭയമല്ല, ഉപജീവനമാര്ഗം നഷ്ടപ്പെട്ട നിരപരാധികളായ ഫലസ്തീന് തൊഴിലാളികളുടെ അവസരം തങ്ങള്ക്ക് വേണ്ട എന്ന ശക്തമായ നിലപാടാണ് ഇസ്രഈല് മുന്നോട്ടുവെച്ച അവസരം നിരസിക്കാന് ഇന്ത്യന് ട്രേഡ് യൂണിയനുകളെ പ്രേരിപ്പിച്ചത്.

ഇസ്രഈല് നിര്മാണ വ്യവസായത്തില് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏകദേശം 25 ശതമാനവും ഫലസ്തീനികള് ആണ്. ഫലസ്തീന് തൊഴിലാളികളില് 10 ശതമാനം ഗസയില് നിന്നുള്ളവരും ബാക്കിയുള്ളവര് വെസ്റ്റ് ബാങ്കില് നിന്നുമുള്ളവരാണ്.

ഇസ്രഈല് – ഫലസ്തീന് സംഘര്ഷം തുടരുന്ന സാഹചര്യത്തില് വര്ക്കിങ് പെര്മിറ്റ് റദ്ദാക്കിയ 90,000 ഫലസ്തീനി തൊഴിലാളികള്ക്ക് പകരമായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാനായിരുന്നു ഇസ്രഈലിന്റെ പദ്ധതി. ഇതിനായി ഇന്ത്യയില് നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാന് അനുവദിക്കണമെന്ന് ഇസ്രഈല് നിര്മാണ മേഖല ഇന്ത്യന് സര്ക്കാരിനോട് അഭ്യര്ത്ഥിച്ചതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.

ഇക്കഴിഞ്ഞ മെയ് 23ന് ന്യൂദല്ഹി സന്ദര്ശനവേളയില് ഇസ്രഈല് വിദേശകാര്യ മന്ത്രി ഹെലി കോഹന് ഇന്ത്യന് വിദേശകാര്യ മന്ത്രി എസ് ജയശങ്കരുമായി ഏകദേശം 42,000 ഇന്ത്യന് തൊഴിലാളികളെ ഇസ്രഈലിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറില് ഒപ്പു വച്ചിരുന്നു. ഈ കരാര് റദ്ദാക്കണമെന്നാണ് ട്രേഡ് യൂണിയനുകള് ഇപ്പോള് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫലസ്തീന് തൊഴിലാളികളെ പുറത്താക്കാനുള്ള ഇസ്രഈല് പദ്ധതികളെ പിന്തുണയ്ക്കുന്നതില് കേന്ദ്ര സര്ക്കാര് നിന്ദ്യമായ പങ്ക് വഹിക്കുകയാണെന്നും ഹമാസ് ആക്രമണത്തിനുള്ള പ്രതികാരം ഒരു ഒഴികഴിവ് മാത്രമാണെന്നും ഇന്ത്യന് തൊഴിലാളി യൂണിയനുകളുടെ തുറന്നകത്തില് പറയുന്നു.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്.ടി.യു.സി, എച്ച.എം.എസ് തുടങ്ങി നിരവധി ട്രേഡ് സംഘടനകള് ഫലസ്തീന് തൊഴിലാളികള്ക്ക് ഐക്യദാര്ഡ്യം പ്രഖ്യാപിക്കാന് ട്രേഡ് യൂണിയനുകളോട് ആഹ്വാനം ചെയ്തു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇസ്രഈലിലേക്ക് തൊഴിലാളികളെ കയറ്റി അയക്കുന്നതിലും വലിയ അധാര്മികവും വിനാശകരവുമായ തീരുമാനമില്ലെന്ന് നവംബര് ഒമ്പതിന് ഇറക്കിയ തുറന്ന കത്തില് യൂണിയനുകള് പറഞ്ഞു.

ഇന്ത്യന് തൊഴിലാളികളെ കയറ്റി അയക്കാനുള്ള തീരുമാനത്തിലൂടെ ഇന്ത്യന് തൊഴിലാളികളെ മനുഷ്യത്വരഹിതമായി വില്പനച്ചരക്ക് ആക്കുകയാണെന്നും അവര് ആരോപിച്ചു. ഇത്തരം നടപടിയിലൂടെ ഫലസ്തീനികള്ക്കെതിരെ ഇസ്രഈല് നടത്തുന്ന വംശഹത്യയില് ഇന്ത്യ പങ്കാളിയാകുകയാണ്. ഇത് ഇന്ത്യന് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും ട്രേഡ് യൂണിയനുകള് കത്തില് പറഞ്ഞു.

ഇന്ത്യന് തൊഴിലാളികളെ കയറ്റുമതി ചെയ്യാന് ഇസ്രഈലുമായി ഒപ്പുവെച്ച കരാര് റദ്ദാക്കുന്നതോടൊപ്പം ഫലസ്തീന് എതിരെയുള്ള ഇസ്രഈല് അക്രമം ഉടന് അവസാനിപ്പിക്കണമെന്നും ഒരു പരമാധികാര രാജ്യമായി ഫലസ്തീനെ അംഗീകരിക്കണമെന്നും തൊഴിലാളി യൂണിയനുകള് ആവശ്യപെട്ടു.

Content Highlights: Indian Trade Unions ask Central government to not send employees to Israel

ഡൂള്‍ന്യൂസ് ഡെസ്‌ക്