| Sunday, 30th June 2019, 10:45 pm

ഷെറിന്‍ മാത്യൂസ് മരിച്ചെന്ന് വിശ്വസിച്ചില്ല, ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വെസ്‌ലി മാത്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡാലസ്: വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് മരിച്ചു പോയെന്ന് കരുതിയിരുന്നില്ലെന്നും ബൈബിളിലെ ലസാറസിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശിക്ഷിക്കപ്പെട്ട എറണാകുളം സ്വദേശി വെസ്ലി മാത്യൂസ്.

വിചാരണയ്ക്കിടെ ശിക്ഷയില്‍ ഇളവ് കിട്ടാന്‍ അപേക്ഷിക്കുന്നതിനിടെ കോടതിയോടാണ് മാത്യൂസ് ഇങ്ങനെ പറഞ്ഞത്. വീടിനടുത്ത് സംസ്‌ക്കരിച്ചാല്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് കരുതിയതെന്നാണ് ഇയാള്‍ പറഞ്ഞത്.

പന്ത്രണ്ടംഗ ജൂറിയാണ് വെസ്‌ലി മാത്യൂസിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 30 വര്‍ഷം ശിക്ഷ അനുഭവിച്ചശേഷമേ പ്രതിക്ക് പരോള്‍ നല്‍കാവൂവെന്ന് ശിക്ഷവിധിച്ച ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസ് നിര്‍ദേശിച്ചിരുന്നു.

2016-ല്‍ ബിഹാറിലെ ഒരു അനാഥാലയത്തില്‍നിന്ന് വെസ്ലി മാത്യൂസും ഭാര്യ സിനിയും ദത്തെടുത്തതാണ് സരസ്വതി എന്ന ഷെറിന്‍ മാത്യൂസിനെ. ഇവര്‍ക്ക് നാലുവയസ്സുള്ള മറ്റൊരു മകള്‍കൂടിയുണ്ട്. ജന്മനാ വളര്‍ച്ചക്കുറവുണ്ടായിരുന്നു ഷെറിന്. പോഷകാഹാരക്കുറവുള്ളതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടയ്ക്കിടെ പാല്‍കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ ഉറക്കത്തില്‍നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചെന്നും നിര്‍ബന്ധിച്ചിട്ടും അനുസരിക്കാതിരുന്നപ്പോള്‍ ശിക്ഷയായാണ് പുറത്തുനിര്‍ത്തിയതെന്നുമായിരുന്നു വെസ്ലി മാത്യൂസ് ആദ്യം മൊഴിനല്‍കിയത്. എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിന് ശ്വാസംമുട്ടി ചലനം നഷ്ടപ്പെട്ടെന്നും മരിച്ചെന്നുകരുതി പുറത്തുകൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നെന്നും പിന്നീട് സമ്മതിച്ചു.

We use cookies to give you the best possible experience. Learn more