| Thursday, 8th June 2023, 7:04 pm

മെസിയുടെ ഇന്റര്‍ മയാമി എഫ്.സി ഗോകുലത്തേക്കാള്‍ താഴെ; റാങ്കിങ്ങില്‍ മയാമിയെ മറികടന്ന് ഇന്ത്യന്‍ ടീമുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണല്‍ മെസിയുടെ വരവോടെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി ചര്‍ച്ചകളിലേക്കുയര്‍ന്നിരിക്കുകയാണ്. പാരീസ് സെന്റ് ഷെര്‍മാങ്ങിലെ കരാര്‍ അവസാനിച്ചതോടെ ലയണല്‍ മെസിയുടെ ഭാവിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളായിരുന്നു ഫുട്‌ബോള്‍ ലോകത്ത് സജീവമായത്. ഇതിന് തടയിട്ടുകൊണ്ടാണ് താരം പുതിയ കളിത്തട്ടകം തെരഞ്ഞെടുത്തത്.

ലയണല്‍ മെസി യൂറോപ്പില്‍ തന്നെ തുടരുമോ അതോ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കും കരീം ബെന്‍സിമക്കും പിന്നാലെ സൗദി പ്രോ ലീഗിന്റെ ഭാഗമാകുമോ തുടങ്ങിയ ചര്‍ച്ചകളായിരുന്നു പ്രധാനം. മെസിക്കായി റെക്കോഡ് പ്രതിഫലം വെച്ചുനീട്ടി സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ വാതില്‍ തുറന്ന് കാത്തിരിക്കവെ മെസിയും സൗദിയിലേക്കെത്തുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്.

എന്നാല്‍ തന്റെ കളിത്തട്ടകം അമേരിക്കന്‍ മണ്ണിലേക്ക് മാറ്റാനായിരുന്നു മെസിയുടെ തീരുമാനം. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഇന്റര്‍ മയാമിയിലേക്കായിരുന്നു മെസി ഒടുവില്‍ എത്തിച്ചേര്‍ന്നത്.

റൊണാള്‍ഡോയുടെ വരവോടെ അല്‍ നസര്‍ എങ്ങനെ ചര്‍ച്ചയുടെ ഭാഗമായോ, അതുപോലെയായിരുന്നു മെസിയുടെ വരവോടെ ഇന്റര്‍ മയാമിയും ലോക ഫുട്‌ബോളിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നത്. ടീം കളിക്കുന്ന ലീഗുകളേതെല്ലാം, ക്ലബ്ബ് റാങ്കിങ്ങില്‍ ടീമിന്റെ സ്ഥാനമേതെല്ലാം മുതല്‍ എം.എല്‍.എസ് സംപ്രേക്ഷണം ചെയ്യുന്ന സമയം പോലും ആരാധകര്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതോടെ രസകരമായ മറ്റൊരു വസ്തുതയും ആരാധകര്‍ കണ്ടെത്തി. ലോക ഫുട്‌ബോള്‍ ക്ലബ്ബില്‍ ഇന്റര്‍ മയാമിയുടെ സ്ഥാനം പല ഇന്ത്യന്‍ ക്ലബ്ബുകളേക്കാള്‍ താഴെയാണെന്നതായിരുന്നു അത്.

വേള്‍ഡ് റാങ്കിങ്ങില്‍ 1,545ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നോര്‍ത്ത് അമേരിക്കന്‍ റാങ്കിങ്ങില്‍ 120ാം സ്ഥാനത്തും യു.എസ് റാങ്കിങ്ങില്‍ 22ാം സ്ഥാനത്തുമാണ് ടീമിന്റെ സ്ഥാനം.

എന്നാല്‍ റാങ്കിങ്ങില്‍ ഇതിനേക്കാള്‍ തകര്‍പ്പന്‍ ടീമുകള്‍ ഇന്ത്യയിലുണ്ട്. ഐ.എസ്.എല്‍ ടീമുകളും ഐ. ലീഗ് ടീമുകളും ഇക്കാര്യത്തില്‍ മയാമിയേക്കാള്‍ എത്രയോ മുമ്പിലാണ്.

ഇന്ത്യന്‍ റാങ്കില്‍ ഒന്നാം സ്ഥാനത്ത് സൂപ്പര്‍ ടീമായ ഡെംപോ എസ്.സിയാണ് ഇക്കൂട്ടത്തിലെ പ്രധാനി. ലോക റാങ്കില്‍ 528ാം സ്ഥാനത്തുള്ള ഡെംപോ, ഏഷ്യാ റാങ്കിങ്ങില്‍ 41ാം സ്ഥാനത്താണ്.

ഇന്ത്യന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള മഹീന്ദ്ര യുണൈറ്റഡ് എഫ്.സിയും ഇന്റര്‍ മയാമിയേക്കാള്‍ കാതങ്ങള്‍ അകലെയാണ്. ലോക റാങ്കിങ്ങില്‍ 630ാം സ്ഥാനത്താണ് മഹീന്ദ്ര യുണൈറ്റഡ് നിലകൊള്ളുന്നത്. ഏഷ്യാ റാങ്കിങ്ങില്‍ 51ാമതാണ് ഇന്ത്യന്‍ കരുത്തര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ ടീമുകളായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബെംഗാള്‍, ബെംഗളൂരു എഫ്.സി സാല്‍ഗോക്കര്‍ എന്നിവരും ഇന്റര്‍ മയാമിയേക്കാള്‍ ബഹുദൂരം മുമ്പിലാണ്.

കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സിയും മെസിയുടെ ടീമിനേക്കാള്‍ എത്രയോ മുമ്പിലാണ്. ലോക റാങ്കിങ്ങില്‍ മയാമിയേക്കാള്‍ 147 സ്ഥാനങ്ങള്‍ മുമ്പിലാണ് മലബാറിന്റെ കരുത്തന്‍മാര്‍.

നിലവിലെ റാങ്കിങ് പ്രകാരം വേള്‍ഡ് റാങ്കിങ്ങില്‍ 1,398ാം സ്ഥാനത്താണ് ഗോകുലം സ്ഥാനം പിടിച്ചിരിക്കുന്നത്. കോണ്ടിനെന്റല്‍ റാങ്കിങ്ങില്‍ 148ാം സ്ഥാനത്തും നാഷണല്‍ റാങ്കിങ്ങില്‍ 11ാം സ്ഥാനത്തുമാണ് ഗോകുലം എഫ്.സിയുടെ സ്ഥാനം.

എന്നാല്‍, മെസിയുടെ വരവിന് പിന്നാലെ മേജര്‍ ലീഗ് സോക്കറിനും ഇന്റര്‍ മയാമിക്കും പുതിയ ഡ്രൈവിങ് ഫോഴ്‌സ് ലഭിക്കുമെന്നാണ് ആരാധകരും കണക്കുകൂട്ടുന്നത്. റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ മെസിയുടെ വരവ് ഗുണകരമാകുമെന്നും ഇവര്‍ കരുതുന്നു.

Content highlight:  Indian teams ahead of Inter Miami in world rankings

We use cookies to give you the best possible experience. Learn more