ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20; ഇന്ത്യന്‍ ടീം നാളെ കാര്യവട്ടത്തെത്തും
Sports News
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20; ഇന്ത്യന്‍ ടീം നാളെ കാര്യവട്ടത്തെത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th September 2022, 11:45 pm

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരം കളിക്കാന്‍ നാളെ ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തും. ടി-20 പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേത് കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുക. ഹൈദരാബാദില്‍ നിന്നും ഇന്നു വൈകിട്ട് 4.30നാണ് ടീം ഇന്ത്യ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഈ മാസം 28നാണ് മത്സരം.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐ.സി.സി. ടി-20 ലോകകപ്പിന് ഈ വൈറ്റ്-ബോള്‍ പരമ്പരകള്‍ ഗുണം ചെയ്യും. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഷോപീസ് ഇവന്റിന് മുന്നോടിയായി ഇരു ടീമുകള്‍ക്കും ഫീല്‍ഡ് ചെയ്യാനും പ്ലെയിങ് ഇലവനെ കണ്ടെത്താനും ഈ മത്സരം സഹായകമാകും.

ദക്ഷിണാഫ്രിക്കന്‍ ടീം വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി. 27ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലന സമയം. ശേഷം വൈകിട്ട് അഞ്ച് മുതല്‍ എട്ടുവരെ ടീം ഇന്ത്യ പരിശീലനത്തിനായി ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങും.

മത്സരത്തിന് മുന്നോടിയായുള്ള പ്രീ മാച്ച് പ്രസ് മീറ്റ് 27ന് നടക്കും. 27ന് ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും വൈകീട്ട് 4.30ന് ഇന്ത്യന്‍ ക്യാപ്റ്റനും മാധ്യമങ്ങളെക്കാണും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഡ്വ. രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ രാജീവ്, ടി.ഡി.സി.എ വൈസ് പ്രസിഡന്റ് ഷൈന്‍.എസ്.എസ് എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ സംഘത്തെ സ്വീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീം നാളെ വൈകിട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തും. വൈകീട്ട് 4.30ന് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെക്കാണും.

മത്സരത്തിന്റെ 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഇതിനോടകം 23,000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. 1400 അപ്പര്‍ ടിയര്‍ ടിക്കറ്റുള്‍പ്പടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. 1500 രൂപയാണ് അപ്പര്‍ ടിയര്‍ ടിക്കറ്റ് നിരക്ക്. പവിലിയന് 2750 രൂപയും കെ.സി.എ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന് ഭക്ഷണമടക്കം 6000 രൂപയുമാണ് നിരക്ക്. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ടിക്കറ്റിനൊപ്പം ഫോട്ടോ ഐ.ഡി കൂടി കാണിക്കണം.

ഒരു ഇ.മെയില്‍ ഐ.ഡിയില്‍ നിന്നും ഒരാള്‍ക്ക് മൂന്ന് ടിക്കറ്റുകള്‍ എടുക്കാവുന്നതാണ്. ഇങ്ങനെ എടുക്കുന്ന മൂന്ന് ടിക്കറ്റിലും ടിക്കറ്റ് എടുത്ത ആളുടെ പേര് രേഖപ്പെടുത്തിയിരിക്കും. ഈ ടിക്കറ്റിനൊപ്പം സ്വന്തം ഫോട്ടോ ഐഡി കാണിച്ച് മറ്റുള്ളവര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാവുന്നതാണ്. ടിക്കറ്റുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് help@insider.in എന്ന മെയില്‍ ഐ.ഡിയില്‍ ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആവശ്യക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.