| Sunday, 10th December 2023, 4:17 pm

13 വര്‍ഷത്തിന് ശേഷം ദര്‍ബന്റെ മണ്ണിലേക്ക് ഇന്ത്യന്‍ ടീം; ആദ്യ ടി-20 തീപാറും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ദര്‍ബന്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇന്ത്യന്‍ ടീം കളത്തില്‍ ഇറങ്ങുമ്പോള്‍ മറ്റൊരു ശ്രദ്ധേയമായ വസ്തുതയും ഇന്നത്തെ മത്സരത്തിനുണ്ട്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ദര്‍ബനില്‍ കളിക്കാന്‍ ഇറങ്ങുന്നത്. 2007ല്‍ മഹേന്ദ്ര സിങ് ധോണിയുടെ കീഴില്‍ ടി-20 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ദര്‍ബനില്‍ കളിച്ചത്.

2007 ടി-20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ദര്‍ബനില്‍ ഏറ്റുമുട്ടിയത്. എന്നാല്‍ അന്നത്തെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തില്‍ ആദ്യം ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനും 141 റണ്‍സ് നേടുകയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യ ദര്‍ബനില്‍ കളിക്കാന്‍ ഇറങ്ങുന്നത്.

ദര്‍ബനില്‍ അഞ്ച് മത്സരങ്ങളാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. അതില്‍ മൂന്ന് മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ പിരിയുകയും ഒന്ന് ഫലങ്ങളൊന്നും ഇല്ലാതെ പോവുകയുമായിരുന്നു.

സൗത്ത് ആഫ്രിക്കെതിരെ നടന്ന അവസാന നാല് ടി-20 പരമ്പരയില്‍ രണ്ട് തവണ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ട് തവണ സമനിലയില്‍ പിരിയുകയും ചെയ്തു.

രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി-20 യിലും ഏകദിനത്തിലും ഇടം നേടിയിട്ടില്ല അതേസമയം ഡിസംബര്‍ 26ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇരുതാരങ്ങളും തിരിച്ചുവരും.

സൗത്ത് ആഫ്രിക്കെതിരെയുള്ള ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍) രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷദീപ് സിങ്, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍, മുകേഷ് കുമാര്‍

CONTENT HIGHLIGHTS: Indian team to Durban soil after 13 years; First T20 match

We use cookies to give you the best possible experience. Learn more