Sports News
ഇന്ത്യയ്ക്ക് പുതിയ പരിശീലകന്‍; റിപ്പോര്‍ട്ട്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 16, 02:44 am
Thursday, 16th January 2025, 8:14 am

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലന സംഘത്തിലേക്ക് പുതിയ ബാറ്റിങ് കോച്ചിനെ ഉള്‍പ്പെടുത്താന്‍ സാധ്യത. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ബി.സി.സി.ഐ ടീം മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ ഒരു അഡീഷണല്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പ്രാധാന്യത്തെ എടുത്തുകാണിച്ചിരുന്നു. ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പരാമര്‍ശിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് പുറമെ ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍, അസിസ്റ്റന്റ് പരിശീലകന്‍മാരായ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോഷേറ്റ്, ഫീല്‍ഡിങ് കോച്ച് ടി. ദിലീപ് എന്നിവരാണ് ഇന്ത്യന്‍ ക്യാമ്പിലുള്ളത്.

ഇന്ത്യയുടെ സമീപകാലത്തെ മോശം പ്രകടനങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ബി.സി.സി.ഐ അഡീഷണല്‍ കോച്ചിങ് സ്റ്റാഫിനെ നിയമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്.

ആറ് മാസം മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ താരം രാഹുല്‍ ദ്രാവിഡ് മാറി ഗംഭീറിനെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു. ശേഷം ഇന്ത്യയ്ക്ക് ടി-20ഐയില്‍ നല്ല കാലമായിരുന്നെങ്കിലും ശ്രീലങ്കയോടുള്ള ഏകദിനത്തിലും ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റിലും വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ആദ്യമായാണ് കിവീസിനെതിരെ സ്വന്തം മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടുന്നത്. ശേഷം ഇന്ത്യ ഏറെ പ്രതിക്ഷയോടെ ഇറങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ബോര്‍ഡര്‍ ഗവാസ്‌കറില്‍ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ സീനീയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും പുറത്തെടുത്തത്. അടുത്ത കാലത്തായി ഇരുവരും മോശം പ്രകടനമാണ് നടത്തുന്നത്. പുതിയ പരിശീലകന്‍ എത്തിയാല്‍ ഇരുവരെയും പ്രത്യേകം ശ്രദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക ടൂര്‍ണമെന്‍ര് ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്ഥാനിലും ദുബായിലുമായി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ടൂര്‍ണമെന്റ്‌ നടക്കുക. ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയും പാകിസ്ഥാനുമൊഴികെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

Content Highlight: Indian Team Need A New Batting Coach; Report