ഏറെ കാത്തിരുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഇന്നാണ് തുടക്കം കുറിക്കുന്നത്. ഐ.പി.എല്ലിന് ശേഷം ആദ്യ അന്താരാഷ്ട്ര പരമ്പരക്ക് ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. സീനിയര്‍ താരങ്ങള്‍ റെസ്റ്റ് ചെയ്യുന്ന പരമ്പരയില്‍ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ട്വന്റി-20 പരമ്പരകളില്‍ എപ്പോഴും മികച്ച പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുക്കാറുള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ പുതിയ റെക്കോഡ് നേടാന്‍ ടീം ഇന്ത്യക്ക് സാധിക്കും. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടി-20 മത്സരങ്ങള്‍ വിജയിക്കുന്ന ടീം എന്ന റെക്കോഡാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇപ്പോള്‍ 12 മത്സരങ്ങളാണ് ടീം ഇന്ത്യ തുടര്‍ച്ചയായി വിജയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, റൊമാനിയ എന്നീ രാജ്യങ്ങളും 12 മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് റെക്കോഡ് നേടാന്‍ സാധിക്കും.
2021 ടി-20 ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ടീം ഇന്ത്യ തങ്ങളുടെ വിജയ റണ്‍ ആരംഭിച്ചത്. എന്നാല്‍ ഒരുപാട് പ്രതീക്ഷകളുമായി ലോകകപ്പിനെത്തിയ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
പിന്നീട് പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കീഴില്‍ കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിക്കുകയായിരുന്നു. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി മൂന്ന് പരമ്പര ഇന്ത്യ വിജയിക്കുകയായിരുന്നു.
ഈ മൂന്ന് പരമ്പരയിലും മൂന്ന് വീതം മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്ത ടീമുകളെ അപേക്ഷിച്ച് ദക്ഷിണാഫ്രിക്ക കുറച്ചുകൂടെ ഭേദമായ ടീമാണ്. ഈ വര്‍ഷം അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.
ഇന്ത്യയുടെ കോച്ചായ രാഹുല്‍ ദ്രാവിഡ് പക്ഷെ ഈ റെക്കോഡിനെ വലിയ സംഭവമായി കാണുന്നില്ല. എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ടീം ശ്രമിക്കുന്നതെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം.
”സത്യസന്ധമായി പറഞ്ഞാല്‍, ഞങ്ങള്‍ റെക്കോര്‍ഡിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അത് കിട്ടിയാല്‍ നല്ലത്. കളി ജയിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനെകുറിച്ച് ചിന്തിക്കേണ്ട കാര്യമില്ല. എന്നെ സംബന്ധിച്ചെടുത്തോളം കളിക്കുന്ന എല്ലാ കളിയിലും ജയിക്കണമെന്നാണ് ആഗ്രഹം,’ ദ്രാവിഡ് പറഞ്ഞു.
നന്നായി തയ്യാറെടുക്കാനും പരിശീലിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങളുടെ തന്ത്രങ്ങള്‍ ശരിയായ രീതിയില്‍ ഫീല്‍ഡില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു,” ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു
ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദ്രാവിഡ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യയുടെ 18 അംഗ സ്‌ക്വാഡില്‍ കെ.എല്‍. രാഹുലായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ പ്രാക്റ്റീസിനിടെ പരിക്കേറ്റ് താരം പരമ്പരയില്‍ നിന്നും പിന്മാറി. രാഹുലിന് പകരം റിഷബ് പന്താണ് ഇന്ത്യന്‍ ടീമിനെ നയിക്കുക.