ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം വിരാട് കോഹ്‌ലിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. തന്റെ നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന് അര്‍ഹിക്കുന്ന ആദരവാണ് സഹതാരങ്ങള്‍ നല്‍കിയത്.
ഇന്ത്യയിലെ പല താരങ്ങള്‍ക്കും ലഭിക്കാത്ത ആദരവും ആംഗീകാരവുമാണ് ഇന്ത്യ വിരാടിന് നല്‍കിയത്. ടീമിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച് ഗ്രൗണ്ടിലേക്കെത്തിയ താരം വികാരാധീനനായാണ് കളത്തിലേക്കിറങ്ങിയത്.
നൂറ് മത്സരങ്ങള്‍ തികച്ച് ടീമിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നേടുന്ന പന്ത്രണ്ടാമത് മാത്രം താരമാണ് വിരാട്.
ഇതിന് മുന്‍പ് കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, സൗരവ് ഗാംഗുലി, ഇഷാന്ത് ശര്‍മ, വിരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഗാര്‍ഡ് ഓഫ് ഓണര്‍ ലഭിച്ചത്.
നൂറാം ടെസ്റ്റില്‍ മികച്ച നിലയിലായിരുന്നു വിരാട് ഇന്നിംഗ്‌സ് ആരംഭിച്ചത്. ശ്രീലങ്കന്‍ താരം ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ പുറത്താവുമ്പോള്‍ 45 റണ്‍സായിരുന്നു വിരാട് ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്.
പിന്നീട് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ചിറകിലേറി ഇന്ത്യ മുന്നോട്ട് കുതിക്കുകയായിരുന്നു. 175 റണ്‍സ് നേടിയ ജഡ്ഡുവിന്റെ ബലത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തയര്‍ത്തിയത്.