ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിന് മത്സരത്തിന്റെ ആദ്യ സെഷനില്‍ തന്നെ പണികിട്ടി തുടങ്ങിയിരുന്നു. ആദ്യ ദിനം തന്നെ വെറും 150 റണ്‍സില്‍ വിന്‍ഡീസിനെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യക്കായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരന്‍ യശസ്വി ജെയ്‌സ്വാളും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇരുവരും തുടങ്ങിയ റണ്‍വേട്ടയോടൊപ്പം വിരാടും കൂടെ കൂടിയപ്പോള്‍ വിന്‍ഡീസ് പതനം പൂര്‍ണമായി. 451/5 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
മറുപടിയായി രണ്ടാം ഇന്നിങസില്‍ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് വെറും 130 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒരു ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി രണ്ട് ഇന്നിങ്‌സില്‍ നിന്നായി 12 വിക്കറ്റ് നേടിയ അശ്വിനാണ് ഇന്ത്യന്‍ ബൗളിങ്ങിലെ താരം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 171 റണ്‍സ് നേടിയ ജെയ്‌സ്വാളാണ് മത്സരത്തിലെ താരം.
മത്സരം വിജയിച്ചതോടെ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഫൈനലിലെത്തിയ ഒരേയൊരു ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ രണ്ട് തവണയും കപ്പിനരികെ കാലിടറുകയായിരുന്നു ഇന്ത്യ. 2021ലെ പ്രഥമ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ഇന്ത്യ ഫൈനലില്‍ തോറ്റതെങ്കില്‍ ഈ വര്‍ഷം ഓസീസിനെതിരെയായിരുന്നു ഇന്ത്യ തോല്‍വി അറിഞ്ഞത്.
നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയായിരുന്നു ഇന്ത്യ വിജയിക്കുന്നതിന് മുമ്പ് വരെ പോയിന്റ് ടേബിളില്‍ ഒന്നാമതുണ്ടായിരുന്നത്. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമായിരുന്നു. വിന്‍ഡീസിനെ കെട്ടുകെട്ടിച്ചതോടെ രണ്ടു ടീമുകളെയും പിന്തള്ളി ഇന്ത്യ പോയിന്റ് പട്ടികയിലെ പുതിയ ഒന്നാംസ്ഥാനക്കാരാകുകയായിരുന്നു. 12 പോയിന്റാണ് വിന്‍ഡീസുമായുള്ള ടെസ്റ്റില്‍ ജയിച്ചതോടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ ഡബ്ല്യു.ടി.സി പോയിന്റ് പട്ടികയില്‍ ഒരു ടീമിന്റെ സ്ഥാനം നിര്‍ണയിക്കുന്നത് വിജയ ശതമാനമാണ്. കളിച്ച ഒരേയൊരു ടെസ്റ്റില്‍ വിജയം കൊയ്തതോടെ 100 ശതമാനമാണ് ഇന്ത്യയുടെ നിലവിലെ വിജയശരാശരി. ഇന്ത്യയെ പോയിന്റ് പട്ടികയില്‍ ഒറ്റയടിക്ക് തലപ്പത്തേക്കു കയറാന്‍ സഹായിച്ചതും ഇത് തന്നെയാണ്. 61.11 ശതമാനം വിജയശരാശരിയുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും 27.78 വിജയശരാശരിയോടെ ഇംഗ്ലണ്ട് മൂന്നാമതുമുണ്ട്.
ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഇപ്പോള്‍ ആഷസ് പരമ്പരയില്‍ ഏറ്റുമുട്ടുകയാണ്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ മൂന്നു ടെസ്റ്റുകളാണ് കഴിഞ്ഞിരിക്കുന്നത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും ഓസ്ട്രേലിയ ജയിച്ചപ്പോള്‍ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ജയിച്ച് ഇംഗ്ലണ്ട് പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്. ഡബ്ല്യു.ടി.സിയുടെ മൂന്നാം എഡിഷനിലെ ആദ്യത്തെ പരമ്പരയും ആഷസ് തന്നെയാണ്. നിലവില്‍ ഓസീസ്, ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് എന്നീ നാലു ടീമുകള്‍ മാത്രമേ ഡബ്ല്യു.ടി.സിയുടെ പുതിയ സീസണില്‍ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂ. ആകെ ഒമ്പത് ടീമുകളാണ് ഡബ്ല്യു.ടി.സി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ഓരോ ടീമുകള്‍ക്കും ആറ് പരമ്പരകളായിരിക്കും 2023 ജൂണ്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവിലുണ്ടാവുക. ആറ് പരമ്പരളില്‍ മൂന്നെണ്ണം നാട്ടിലും ശേഷിച്ച മൂന്നെണ്ണം വിദേശത്തുമായിരിക്കും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടും.
കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ നഷ്ടമായ ട്രോഫി ഇത്തവണ നേടാനായിരിക്കും ഇന്ത്യന്‍ ടീം ശ്രമിക്കുക. അതിന് വേണ്ടി ടീമിനെ സജ്ജീകരിക്കുന്ന തിരക്കിലാണ് ക്യാപ്റ്റനും കോച്ചുമടക്കമുള്ള ഇന്ത്യന്‍ നിര.
Content Highlight: Indian Team Gains Top position WTC point Table after beating West Indies