അവന്‍ ഒരു പത്ത് വര്‍ഷമെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായിരിക്കും; യുവതാരത്തെ പുകഴ്ത്തി ബാറ്റിങ് കോച്ച്
Sports News
അവന്‍ ഒരു പത്ത് വര്‍ഷമെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായിരിക്കും; യുവതാരത്തെ പുകഴ്ത്തി ബാറ്റിങ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th July 2023, 11:13 pm

 

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരനായ യശ്വസ്വി ജെയ്സ്വാളിന്റെ പ്രകടനം ഒരുപാട് പ്രശംസ നേടിയിരുന്നു. ആദ്യ മത്സരമായിട്ടും അതിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയായിരുന്നു അദ്ദേഹം ബാറ്റ് വീശിയത്. 171 റണ്‍സ് നേടി മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായതും ജെയ്സ്വാളായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യന്‍ ബാറ്ററാണ് ജെയ്സ്വാള്‍. 150ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരവും, മുമ്പ് ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

ഇപ്പോഴിതാ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് കോച്ചായ വിക്രം റാത്തോഡ്. താന്‍ മുമ്പ് ഒരു സെലക്ടറായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഒരു താരത്തിനെ സെലക്ട് ചെയ്യുമ്പോള്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് വേണ്ടിയാണ് ആലോചിക്കുക എന്നും ജെയ്‌സ്വാളിന് അതിന്റെ കഴിവുണ്ടെന്നും റാത്തോഡ് പറഞ്ഞു.

‘ഞാന്‍ മുമ്പ് ഒരു സെലക്ടറായിരുന്നു, അതിനാല്‍ നിങ്ങള്‍ ഒരു കളിക്കാരനെ തെരഞ്ഞെടുക്കുമ്പോഴെല്ലാം അടുത്ത 10 വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ സാധിക്കണമെന്നുള്ള ഉദ്ദേശത്തോടെയായിരിക്കണം. ജെയ്‌സ്വാളിന് തീര്‍ച്ചയായും കഴിവുണ്ട്,’ റാത്തോഡ് പറഞ്ഞു.

ജെയ്‌സ്വാള്‍ ഒരു സ്േ്രടാക്ക് പ്ലെയിങ് ബാറ്ററാണെന്നും എന്നാല്‍ അദ്ദേഹത്തിന് സാഹചര്യമൊത്ത് കളിക്കാന്‍ സാധിക്കുമെന്ന് ആദ്യ ടെസ്റ്റിലൂടെ തെളിയിച്ചുവെന്നും റാത്തോഡ് പറയുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞാന്‍ മുമ്പ് ജെയ്‌സ്വാളിനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ല, ഐ.പി.എല്ലില്‍ അദ്ദേഹം റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, അവന്‍ എത്ര ഡയനാമിക്ക് ബാറ്ററാണ്. അവന്‍ എത്തരത്തിലുള്ള സ്ട്രോക്ക് പ്ലെയിങ് കളിക്കാരനാണെന്ന് നിങ്ങള്‍ കണ്ടതാണ്. എന്നാല്‍ ടീമിന്റെ സാഹചര്യത്തിനനുസരിച്ച് കളി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു,’ റാത്തോഡ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐ.പി.എല്‍ സീസണിലും മികച്ച പ്രകടനമായിരുന്നു ജെയ്സ്വാള്‍ കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്ററായ അദ്ദേഹം 14 മത്സരത്തില്‍ നിന്നും 625 റണ്‍സ് നേടിയിരുന്നു. സീസണിലെ എമര്‍ജിങ് പ്ലെയര്‍ അവാര്‍ഡും നേടിയത് ഈ 21കാരന്‍ തന്നെയാണ്. ജനറേഷനല്‍ ടാലെന്റ് എന്ന് ആരാധകര്‍ വിശ്വസിക്കുന്ന ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ഇന്ത്യന്‍ ടീമിനുണ്ട്.

Content Highlight: Indian Team Batting Coach Praises Jaiswal