ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് നിലനിര്‍ത്തിയതിന് ഇന്ത്യക്കും പാകിസ്ഥാനും മാച്ച് ഫീയുടെ 40 ശതമാനം പിഴ ചുമത്തിയിരിക്കുന്നു. ആരാധകരെ ഏറെ ആവേശത്തിലെത്തിച്ച മത്സരമായിരുന്നു ഏഷ്യാ കപ്പില്‍ അരങ്ങേറിയത്.
2021 ടി-20 ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് പാകിസ്ഥാന്‍ 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ആ മത്സരത്തിന്റെ കണക്ക് തീര്‍ക്കാനാണ് ഇന്ത്യ ഇത്തവണ കച്ചകെട്ടിയിറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
എന്നാല്‍ മത്സരത്തിന് പിന്നാലെ രോഹിത്തിന്റെ ഇന്ത്യന്‍ ടീമിനും ബാബറിന്റെ പാക് പടക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. മത്സരത്തിന് ശേഷം ഇരു ക്യാപ്റ്റന്‍മാര്‍ക്കും ടീമിലെ മറ്റു താരങ്ങള്‍ക്കും മേല്‍ പിഴ ചുമത്തിയിരിക്കുകയാണ്.
ഇന്ത്യയും പാകിസ്ഥാനും നിശ്ചിത സമയത്തിനുളില്‍ രണ്ട് ഓവറുകള്‍ പുറകിലായതിനാണ് ഐ.സി.സി. പിഴ ചുമത്തിയത്. മാച്ച് ഫീയുടെ 40 ശതമാനമാണ് ടീമുകള്‍ക്ക് പിഴ അടക്കേണ്ടത്.
നിശ്ചിത സമയത്ത് പന്തെറിയാന്‍ സാധിക്കാത്ത ഓരോ ഓവറിനും കളിക്കാരുടെ മാച്ച് ഫീസിന്റെ 20 ശതമാനം പിഴ ചുമത്തും എന്നാണ് ഐ.സി.സി. അറിയിച്ചത്.
രണ്ട് ക്യാപ്റ്റന്മാരും കുറ്റം സമ്മതിക്കുകയും നിര്‍ദ്ദിഷ്ട അനുമതി അംഗീകരിക്കുകയും ചെയ്തു, അതിനാല്‍ ഒരു ഔപചാരിക വാദം കേള്‍ക്കേണ്ട ആവശ്യമില്ല എന്നും ഐ.സി.സി അറിയിച്ചു.
നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ അവസാന മൂന്ന് ഓവറുകളില്‍ 30 യാര്‍ഡ് സര്‍ക്കിളില്‍ നിന്നും ഒരു ഫീല്‍ഡറെ പിന്‍വലിക്കാന്‍ ഇരു ക്യാപ്റ്റന്മാരും നിര്‍ബന്ധിതരായിരുന്നു. ഈ തീരുമാനത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും പണി കിട്ടിയിരുന്നു.
30 യാര്‍ഡിലേക്ക് ഒരു കളിക്കാരനെ കൂടേ നിര്‍ത്തേണ്ടി വന്നപ്പോള്‍ അവസാന ഓവറുകളില്‍ ബാറ്റര്‍മാര്‍ക്ക് ബൗണ്ടറി നേടാന്‍ എളുപ്പമായി. എന്നിരുന്നാലും പാകിസ്ഥാന് വലിയ ടോട്ടല്‍ നേടാന്‍ സാധിക്കാതിരുന്നത് ഇന്ത്യക്ക് തുണയായി.
ഐ.സി.സിയുടെ ആ തീരുമാനം പല ടീമുകള്‍ക്കും പണി മേടിച്ച് കൊടുക്കുമെന്നുറപ്പ്.