കട്ടക്ക്: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ടീമിന് കനത്ത പരാജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ 92റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.
ഇന്ത്യയ്ക്ക് മുന്നേറാന്‍ ഒരവസരവും നല്‍കാതെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്രകടനം. തുടക്കം മുതല്‍ തന്നെ കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും (22) വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയും (1) റണ്ണൗട്ടായത് ഇന്ത്യക്ക് വലിയ നഷ്ടമാവുകയായിരുന്നു.
സുരേഷ് റെയ്‌ന (22), ശിഖര്‍ ധവാന്‍ (11), രവി അശ്വിന്‍ (11) എന്നിവരാണ് രണ്ടക്കം തികച്ച മറ്റുള്ളവര്‍. ക്യാപ്റ്റന്‍ ധോനി 5 റണ്‍സിന് പുറത്തായപ്പോള്‍ അമ്പാട്ടി റായുഡു ഡക്ക് ഔട്ടായി. ആല്‍ബി മോര്‍ക്കലാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മികച്ചു നിന്നത്. മോര്‍ക്കല്‍ നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ഇമ്രാന്‍ താഹിറും ക്രിസ് മോറിസും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു റബഡ ഒരു വിക്കറ്റ് നേടി.