ആളും ആരവവുമായി ഐ.പി.എല്ലിന്റെ 16ാം എഡിഷന്‍ കൊടിയിറങ്ങിയിരിക്കുകയാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ മഴനിയമത്തിലൂടെ പരാജയപ്പെടുത്തി ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അഞ്ചാം കിരീടം നേടിക്കൊടുത്തപ്പോള്‍ പിറന്നത് ചരിത്രമായിരുന്നു.
ഈ ചരിത്രത്തിന്റെ പിറവിക്കൊപ്പം തന്നെ നിരവധി യുവതാരങ്ങളുടെ ഉദയത്തിനും ഐ.പി.എല്‍ 2023 സാക്ഷ്യം വഹിച്ചിരുന്നു. അടുത്ത ട്രാന്‍സിഷന്‍ പിരിയഡിലും ഇന്ത്യന്‍ ക്രിക്കറ്റിനെ വീണുപോകാതെ താങ്ങി നിര്‍ത്താന്‍ സാധിക്കുന്ന തലമുറയെയാണ് ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് ലോകം കണ്ടത്.
ഒരുകാലത്ത് ഓപ്പണര്‍മാരെയും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെയും മാത്രമായിരുന്നു ഐ.പി.എല്ലിലൂടെ ഇന്ത്യക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അതിനൊപ്പം തന്നെ എണ്ണം പറഞ്ഞ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെയും ഫിനിഷര്‍മാരെയും കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചു.
ഭാവിയിലെ ഇന്ത്യയുടെ ഷോര്‍ട്ടസ്റ്റ് ഫോര്‍മാറ്റ് ഭദ്രമാകുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇവര്‍ പുറത്തെടുത്തത്. ഈ സീസണിലെ പ്രകടനം മാത്രം കണക്കിലെടുത്തുകൊണ്ട് ഇന്ത്യ ടി-20 ടീമിനെ പ്രഖ്യാപിക്കുകയാണെങ്കിലോ? ഫോം ഔട്ടിന്റെ പടുകുഴിയില്‍ നിന്ന പല സീനിയര്‍ താരങ്ങളും പുറത്തുപോകേണ്ട അവസ്ഥയാണ് ഉണ്ടാകുക. അത്തരത്തില്‍ ഒരു ടീമിനെ പരിശോധിക്കാം.
ഐ.പി.എല്‍ 2023 കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ പ്രധാനികളാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ ബാറ്ററായ ശുഭ്മന്‍ ഗില്ലും രാജസ്ഥാന്‍ റോയല്‍സിന്റെ വണ്‍ മാന്‍ റെക്കിങ് ബോളായ യശസ്വി ജെയ്‌സ്വാളും. ഇവരുടെ ബാറ്റിങ് സ്റ്റാറ്റുകള്‍ തന്നെ ഇവരുടെ സ്ഥാനം പ്ലെയിങ് ഇലവനില്‍ അടയാളപ്പെടുത്തുമ്പോള്‍ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യം വരില്ല.
ഈ സീസണിലെ ഏറ്റവും സക്‌സസ്ഫുള്ളായ സീനിയര്‍ താരങ്ങളില്‍ പ്രധാനിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടി-20യിലെ തന്റെ ക്ലാസ് പലകുറി തെളിയിച്ച വിരാട് 14 മത്സരത്തില്‍ നിന്നും 53.25 എന്ന ശരാശരിയില്‍ രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമടക്കം 639 റണ്‍സാണ് സ്വന്തമാക്കിയത്. ടീമിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് കളിക്കളത്തിലെ പരിചയ സമ്പത്തും, മുമ്പ് ക്യാപ്റ്റനായുള്ള അനുഭവവുമാണ് വിരാടിനെ വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുക്കാന്‍ കാരണം.
സൂര്യകുമാര്‍ യാദവിനൊപ്പം യങ് സെന്‍സേഷന്‍ റിങ്കു സിങ്ങുമെത്തുന്നതോടെ ടീമിന്റെ മധ്യനിര കൂടുതല്‍ കരുത്താര്‍ജിക്കും. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നിരയെ മുമ്പില്‍ നിന്നും നയിച്ച സൂര്യയും കെ.കെ. ആറിന്റെ നെടുംതൂണായ റിങ്കുവുമെത്തിയാല്‍ ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സ് തന്നെ എന്‍ഹാന്‍സ് ചെയ്യപ്പെടുമെന്നുറപ്പാണ്.
പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിനായി 14 മത്സരവും കളിച്ച ജിതേഷ് 156.06 എന്ന സ്‌ട്രൈക്ക് റേറ്റിലും 23.77 എന്ന ശരാശിരിയിലും 309 റണ്‍സാണ് നേടിയത്. പഞ്ചാബിന്റെ മൂന്നാമത് മികച്ച റണ്‍വേട്ടക്കാരനും ജിതേഷ് തന്നെ.
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജയില്ലാതെ ഒരു ഇന്ത്യന്‍ ടീം സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവരുടെ അഞ്ചാം കിരീടത്തിലേക്ക് നയിച്ച ജഡേജ ജന്നെയായിരിക്കും സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നത്.
ലോവര്‍ ഓര്‍ഡര്‍: പിയൂഷ് ചൗള, മോഹിത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയുടെ അസാധ്യ പ്രകടനത്തിനാണ് ഈ സീസണ്‍ സാക്ഷ്യം വഹിച്ചത്. കോടികള്‍ കൊടുത്ത് ടീമിലെത്തിച്ച വിദേശ താരങ്ങള്‍ അനവധിയുണ്ടായിട്ടും യുവതാരങ്ങളുടെ ഒരു പട തന്നെയുണ്ടായിട്ടും മുംബൈയുടെ ലീഡിങ് വിക്കറ്റ് ടേക്കറാകാന്‍ ചൗള തന്നെ വേണ്ടി വന്നു. 16 മത്സരത്തില്‍ നിന്നും 22 വിക്കറ്റാണ് ചൗള പിഴുതെറിഞ്ഞത്.
മോഹിത് ശര്‍മയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സീസണില്‍ ആരാധകര്‍ കണ്ടത്. മുഴുവന്‍ കത്തിത്തീര്‍ന്നുവെന്ന് ആരാധകര്‍ വിശേഷിപ്പിച്ച ഒരു താരത്തിന്റെ കമ്പക്കെട്ടിനാണ് ഐ.പി.എല്‍ സാക്ഷ്യം വഹിച്ചത്. 14 മത്സരത്തില്‍ നിന്നുമായി 27 വിക്കറ്റാണ് മോഹിത് വീഴ്ത്തിയത്. ക്വാളിഫയര്‍ രണ്ടില്‍ 2.2 ഓവര്‍ മാത്രമെറിഞ്ഞ് പത്ത് റണ്‍സ് വഴങ്ങി മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ ഫൈഫറും ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പേസ് ബൗളിങ് ഡുവോയായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും കൂടി വരുന്നതോടെ ടീം പൂര്‍ത്തിയാകും.
Content highlight: Indian T20 Team Based on IPL 2023