ഐ.സി.സി ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിക്കുമ്പോള്‍ ഓപ്പണറായി ആര് ഇറങ്ങും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. യു.എ.ഇയില്‍ നടന്ന 2022 ഏഷ്യാ കപ്പ് ക്യാമ്പെയിനില്‍ വിരാട് കോഹ്‌ലി അഡാര്‍ തിരിച്ചുവരവ് നടത്തിയത് കൊണ്ടുതന്നെ ആരാധകരുടെ കണ്ണുകളേറെയും താരത്തിന് നേര്‍ക്കാണ്.
അതേസമയം ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിന് ശേഷം നടന്ന കോണ്‍ഫറന്‍സില്‍ രോഹിത്തിന്റെ കൂടെ വിരാട് കോഹ്‌ലി ഓപ്പണിങ്ങിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് പ്രകോപിതനായാണ് രാഹുല്‍ മറുപടി നല്‍കിയത്. കോഹ്‌ലി കളിക്കുന്നതിന് ഞാന്‍ പുറത്തിറങ്ങി നില്‍ക്കണോ എന്നാണ് താരം പ്രതികരിച്ചത്.
വിരാട് കോഹ്‌ലി സ്‌കോര്‍ ചെയ്യുന്നത് ടീമിന് ഗുണകരമായ കാര്യമാണെന്നും അഫ്ഗാനെതിരായ മത്സരശേഷം കോഹ്‌ലി സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് സീരീസില്‍ ബാറ്റിങ് ശരിയാക്കാനുള്ള ശ്രമത്തിലായിരുന്നു കോഹ്‌ലിയെന്നും ഇത്തവണ ശരിയായി വന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 61 പന്തില്‍ നിന്ന് 122 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. സെഞ്ച്വറി നേട്ടത്തിന് പിന്നാലെ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനത്തെ ചൊല്ലി വിമര്‍ശിച്ചവര്‍ തന്നെ ഒന്നടങ്കം താരത്തെ പ്രശംസിക്കുകയായിരുന്നു. വളരെ ശാന്തനായും കൈയ്യടക്കത്തോടെയുമാണ് കോഹ്‌ലി ഓപ്പണറുടെ റോള്‍ ചെയ്തിരുന്നത്.
ഓപ്പണറായി നിരവധി തവണ ബാറ്റ് ചെയ്യാന്‍ കോഹ്‌ലിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഓപ്പണിങ്ങില്‍ മികച്ച ഓപ്ഷനാക്കാന്‍ പറ്റിയ ആളാണ് കോഹ്‌ലി എന്ന് രോഹിത് ശര്‍മ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. ലോകകപ്പിന് മുന്നോടിയായി കെ.എല്‍. രാഹുലിന് ബാറ്റിങ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഏഷ്യാ കപ്പിലെ പ്രകടനം അത് അടിവരയിട്ടുറപ്പിക്കുന്നതുമായിരുന്നു.
കഴിഞ്ഞ സീരീസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രാഹുലെങ്കിലും ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുമായുള്ള ഏറ്റുമുട്ടല്‍ രാഹുലിന് നിര്‍ണായകമായിരിക്കും. മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടുന്നത് താരത്തിന് ഫലം ചെയ്‌തേക്കും.
രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്ന എട്ടാമത്തെ ട്വന്റി20 ലോകകപ്പാണിത്. ഇന്ത്യ ചാമ്പ്യന്‍മാരായ 2007 മുതലുള്ള എല്ലാ ലോകകപ്പിലും രോഹിത് അംഗമായിരുന്നു.
Content Highlight: Indian T20 squad Confusions arise over opener’s spot