| Thursday, 23rd June 2022, 7:25 pm

നമ്മ ഊര് നമ്മ ഗത്ത്, നിങ്ങള്‍ തകര്‍ക്കെടാ പിള്ളേരേ; ആശംസകളുമായി ദിനേഷ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

തമിഴ്‌നാട് പ്രീമിയര്‍ ലീഗിന് (ടി.എന്‍.പി.എല്‍) ആശംസകളുമായി ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. വ്യാഴാഴ്ചയാണ് ടി.എന്‍.പി.എല്ലിന്റെ പുതിയ എഡിഷന്‍ ആരംഭിക്കുന്നത്.

‘തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കളിക്കുന്ന എല്ലാ ടീമുകള്‍ക്കും വിജയാശംസകള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള താരങ്ങള്‍ എത്രത്തോളം മികച്ചതാണ് എന്ന് മനസിലാക്കാന്‍ ലോകത്തിന് കിട്ടിയ അവസരമാണിത്. നിങ്ങള്‍ തകര്‍ക്കെടാ പിള്ളേരേ,’ എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.

ഐ.പി.എല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുളളതും ആവേശമുയര്‍ത്തുന്നതുമായ ഫ്രാഞ്ചൈസി ലീഗാണ് ടി.എന്‍.പി.എല്‍. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

‘നമ്മ ഊര് നമ്മ ഗത്ത്’ എന്ന ടാഗ്‌ലൈനോടെ തമിഴ്നാട്ടില്‍ ക്രിക്കറ്റിന് വിപ്ലവകരമായ മാറ്റമാണ് ടി.എന്‍.പി.എല്‍ കൊണ്ടുവന്നത്. കഴിവുള്ള താരങ്ങളെ കണ്ടെത്തുന്നതിലും വളര്‍ത്തുന്നതിലും ടി.എന്‍.പി.എല്‍ മുന്നില്‍ തന്നെയായിരുന്നു.

വ്യാഴാഴ്ച രാത്രി 7.15നാണ് ടി.എന്‍.പി.എല്‍ 2022ന്റെ ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ചെപക് സൂപ്പര്‍ ഗില്ലീസ് നെല്ലായ് റോയല്‍ കിങ്‌സിനെ നേരിടും.

2016ല്‍ ടി.എന്‍.സി.എയുടെ (തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍) നേതൃത്വത്തിലാണ് ടി.എന്‍.പി.എല്‍ പിറവിയെടുക്കുന്നത്. ആദ്യ സീസണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തല ധോണിയായിരുന്നു

തുടര്‍ന്നുള്ള അഞ്ച് സീസണില്‍ മൂന്ന് ചാമ്പ്യന്‍മാരാണ് പിറവിയെടുത്തത്. ഉദ്ഘാടന സീസണില്‍ ടൂട്ടി പേട്രിയറ്റ്സ് (സേലം സ്പാര്‍ടന്‍സ്) ആണ് ചാമ്പ്യന്‍മാരായത്.

നിലവിലെ ചാമ്പ്യന്‍മാരായ ചെപക് സൂപ്പര്‍ ഗില്ലീസാണ് ടി.എന്‍.പി.എല്ലില്‍ ഏറ്റവുമധികം തവണ കപ്പുയര്‍ത്തിയത്. 2017, 2019, 2021 സീസണിലാണ് ചെപക് ടി.എന്‍.പി.എല്ലിന്റെ കിരീടമുയര്‍ത്തിയത്. 2018ല്‍ മധുരൈ പാന്തേഴ്സും ചാമ്പ്യന്‍മാരായി.

എട്ട് ടീമുകളാണ് ഇത്തവണ തമിഴ്നാടിന്റെ ക്രിക്കറ്റ് സാമ്രാജ്യം പിടിച്ചടക്കാന്‍ ഒരുങ്ങുന്നത്.

സേലം സ്പാര്‍ടാന്‍സ്, ചെപക് സൂപ്പര്‍ ഗില്ലീസ്, ലൈക കോവൈ കിങ്സ്, സെയ്ചെം മധുരൈ പാന്തേഴ്സ്, റൂബി ട്രിച്ചി വാറിയേഴ്സ്, ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, തിരുപ്പൂര്‍ തമിഴന്‍സ്, നെല്ലായ് റോയല്‍ കിങ്സ് എന്നിവരാണ് 2022ല്‍ കിരീടം നേടാനുറച്ച് കളത്തിലിറങ്ങുന്നത്.

Content Highlight: Indian Superstar Dinesh Karthik Wishes good luck for TNPL

Latest Stories

We use cookies to give you the best possible experience. Learn more