|

ലോകകപ്പ് ആവേശത്തിൽ മുങ്ങാതെ ഇന്ത്യൻ സൂപ്പർ ലീഗ്; ഇന്ന് വമ്പന്മാരുടെ പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം ലോകകപ്പ് ആവേശത്തിലേക്ക് മുങ്ങിയ ഈ ഫുട്ബാൾ ഉത്സവ നാളുകളിൽ ഇന്ത്യയുടെ ടോപ്പ് ടയർ ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും വമ്പന്മാരുടെ പോരാട്ടം. ലീഗ് പകുതിയോളം പിന്നിട്ട് നിൽക്കുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സി.യും ലീഗിലെ അഞ്ചാം സ്ഥാനക്കാരായ എഫ്. സി. ഗോവയും തമ്മിലാണ് ഇന്നത്തെ സൂപ്പർ മത്സരം.

പോയിന്റ് ടേബിളിൽ ഗോവയുമായി അഞ്ച് പോയിന്റ് വ്യത്യാസത്തിൽ ഒന്നാമതുള്ള മുംബൈക്ക് ഇന്ന് വിജയം അനിവാര്യമാണ്.
മത്സരങ്ങൾ മുഴുവനും പൂർത്തിയാകുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നും രണ്ടും സ്ഥാനത്ത് എത്തുന്നവർക്ക് മാത്രമേ നേരിട്ട് സെമി ഫൈനൽ ബെർത്ത്‌ ഉറപ്പിക്കാനാകൂ.

അതോടൊപ്പം ലീഗ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന ടീമിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം സ്വന്തമായുള്ള ഗോവക്ക് ഇന്ന് മുംബൈയെ മറികടക്കണമെങ്കിൽ അൽപം വിയർക്കേണ്ടി വരും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം നേടിയ മുംബൈ സിറ്റി എഫ്.സി 12 ഗോളുകളും എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ച് കയറ്റിയിരുന്നു.

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ്സിന്റെ സൂപ്പർ താരമായിരുന്ന പെരേര ഡയസ്, ഗ്രേഗ് സ്റ്റുവർട്ട്, അഹമ്മദ് ജാവൂ, രാഹുൽ ബേക്കെ, സഞ്ജീവ് സ്റ്റാലിൻ എന്നിവരടങ്ങുന്ന മുംബൈ നിര വ്യക്തമായ പ്ലാനുകൾ മനോഹരമായി കളിക്കളത്തിൽ നടപ്പാക്കാൻ ശേഷിയുള്ള ടീമാണ്.

കഴിഞ്ഞ കുറച്ചു കളികളിലായി താളം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഗോവൻ നിരയേയും എഴുതി തള്ളാൻ സാധിക്കില്ല.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിച്ച അൽവാരോ വാസ്ക്കസ്, നോവാ സദോയു, എടൂ ബേഡിയ, ധീരജ് സിങ് , അൻവർ അലി മുതലായ മികച്ച സ്‌ക്വാഡ് ഡെപ്ത്തുള്ള ടീം പെട്ടെന്ന് കീഴടങ്ങും എന്ന് കരുതാൻ സാധിക്കില്ല.


Content Highlights: Indian super league is started mumbai city fc v/s goa