ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്ന ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ എഫ്.സി ഗോവയുടെ കരുത്ത് ഇരട്ടിയാക്കി ടീമിന്റെ പുതിയ സൈനിംഗ്. ഇന്ത്യന്‍ യുവ സെന്റര്‍ ബാക്കായ അന്‍വര്‍ അലിയെ ടീമിലെത്തിച്ചാണ് ഗോവ പോരാട്ടത്തിന് കോപ്പുകൂട്ടുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് പിന്നാലെ താരത്തോട് കളിക്കളത്തില്‍ നിന്നും മാറി നിക്കാന്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അസുഖത്തില്‍ നിന്നും മുക്തനായി ഫെഡറേഷന്റെ അനുമതിയോടെയാണ് മൈതാനങ്ങളെ പുളകം കൊള്ളിക്കാന്‍ അന്‍വര്‍ അലി എത്തുന്നത്.
‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം അവസാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് എന്റെ ജീവിത്തതിലെ പുതിയ ഒരു അധ്യായത്തിന്റെ തുടക്കമാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്,’ അന്‍വര്‍ അലി പറയുന്നു.
സീസണിന്റെ തുടക്കം മുതല്‍ തന്നെ താരം ടീമിനൊപ്പം ഉണ്ടായിരുന്നു. ‘എഫ്.സി ഗോവയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തുടക്കം മുതല്‍ക്കു തന്നെ ഞാന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ടു തന്നെ ഗോവയുടെ കളിരീതികളെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിച്ചു,’ അന്‍വര്‍ അലി കൂട്ടിച്ചേര്‍ക്കുന്നു.
അന്‍വറിനെ ടീമിലെത്തിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, അന്‍വര്‍ തന്റെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളുമായിരുന്നു എന്നാണ് എഫ്.സി ഗോവയുടെ ഡയറക്ടര്‍ രവി പുസ്‌കൂര്‍ പറയുന്നത്.
മിനര്‍വ പഞ്ചാബിലൂടെയായിരുന്നു താരത്തിന്റെ കരിയര്‍ ആരംഭിച്ചത്. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടുകെട്ടിയ താരം മുംബൈ സിറ്റി എഫ്.സിക്കും ഐ. ലീഗില്‍ ഇന്ത്യന്‍ ആരോസിനും വേണ്ടി കളിച്ചിട്ടുണ്ട്.
എപ്പിക്കല്‍ ഹൈപ്പര്‍കാര്‍ഡിയോ മയോപ്പതി എന്ന ഹൃദ്രോഗം കണ്ടതിനെ തുടര്‍ന്ന് താരത്തെ ഫുട്‌ബോള്‍ കളിക്കുന്നതില്‍ നിന്നും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കുകയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് അലി ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നത്.
ഞായറാഴ്ച ഗോവ കേരള ബ്ലാസ്‌റ്റേഴ്‌സിനോടേറ്റുമുട്ടുമ്പോള്‍ അന്‍വര്‍ അലിയുടെ ഏറെ നാളത്തെ സ്വപ്‌നം കൂടിയാണ് സാക്ഷാത്കരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Indian Super League, FC Goa signs former Indian Arrows player Anwar Ali