'ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡക്ക് ആവശ്യമുണ്ട്, ആശങ്കപ്പെടേണ്ടതില്ല,' മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ
national news
'ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡക്ക് ആവശ്യമുണ്ട്, ആശങ്കപ്പെടേണ്ടതില്ല,' മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 3:59 pm

കൊച്ചി: ഇന്ത്യ-കാനഡ പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും വിദ്യാർത്ഥികൾ അവിടെ തുടരേണ്ടത് കാനഡയുടെ ആവശ്യമാണെന്നും മുൻ ഇന്ത്യൻ അംബാസിഡറും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസൻ. ഇരുരാജ്യങ്ങൾക്കുമിടയിൽ മുമ്പും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട്‌ പറഞ്ഞു.

‘കാനഡയിൽ നിലവിൽ ഇന്ത്യാവിരുദ്ധ വികാരമില്ല. ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ തുടരേണ്ടത് കാനഡയുടെ കൂടി ആവശ്യമാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യൻ വംശജരെ എക്കാലവും കാനഡ സ്വാഗതം ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമായി കാനഡ തുറന്നുകൊടുത്ത അവസരങ്ങൾ.

അതുകൊണ്ട് അല്പം സമയമെടുത്താലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നുമാണ് വിശ്വസിക്കുന്നത്,’ ടി.പി. ശ്രീനിവാസൻ പറഞ്ഞു.

കനിഷ്ക വിമാനദുരന്തം ഉണ്ടായപ്പോൾ പോലും ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. 1985ൽ കാനഡയയിലെ ടൊറൊന്റോയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ബോംബാക്രമണത്തിൽ തകർന്ന് 329 പേർ മരണപ്പെട്ടിരുന്നു. ഇതിൽ ഭൂരിപക്ഷവും കനേഡിയൻ പൗരന്മാർ ആയിരുന്നു.

ജസ്റ്റിൻ ട്രൂഡോയുടെ നീക്കം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റേത് കൂടിയാണെന്നും ടി.പി. ശ്രീനിവാസൻ പറഞ്ഞു.
‘ജസ്റ്റിൻ ട്രൂഡോയെ സംബന്ധിച്ച് ഇതൊരു വോട്ടുബാങ്ക് രാഷ്ട്രീയം കൂടിയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അവിടുത്തെ രണ്ട് ശതമാനം വരുന്ന സിഖ് വംശജരുടെ വോട്ട് അദ്ദേഹത്തിന് നിർണായകമാണ്. അതുകൊണ്ടാണ് കലിസ്ഥാൻ വിഷയത്തിൽ ട്രൂഡോ ഇങ്ങനെ ഒരു നിലപാട് സ്വീകരിക്കുന്നത്.

ഇരുരാജ്യങ്ങളും ഒരുമിച്ച് പരിഹരിക്കേണ്ട വിഷയമാണ് ഇത്. പകരം മറ്റ് രാജ്യങ്ങളെയും സംഘടനകളെയും ഇടപെടുത്താൻ ശ്രമിക്കുന്നത് സ്ഥിതി വഷളാക്കും,’ ടി.പി. ശ്രീനിവാസൻ പറഞ്ഞു.

അതേസമയം കാനഡയിലെ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വിസ നിർത്തിവെച്ച നടപടി മൊത്തത്തിൽ ബാധിക്കുമെന്നും തീവ്രവാദവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കൂടുതൽ പരിഷ്കരണം കൊണ്ടുവരുമെന്നായിരുന്നു പ്രഖ്യാപിക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ നിന്ന് ഇതിനകം പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും നടപടി ഉടനെതന്നെ ഇന്ത്യ പിൻവലിക്കുമെന്നാണ് അറിയാൻ സാധിച്ചത് എന്നും ടി.പി. ശ്രീനിവാസൻ വ്യക്തമാക്കി.

Content Highlight: Indian students are required in Canada; No need to worry, says former Indian Ambassador TP Sreenivasan