ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
World News
ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th March 2022, 8:39 am

കീവ്: ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. കീവില്‍ നിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്.

വെടിയേറ്റ വിദ്യാര്‍ത്ഥി പാതിവഴിയില്‍ നിന്ന് തിരികെ പോയെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്.

വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ ട്വീറ്റിനെ ഉദ്ധരിച്ച് കേന്ദ്രമന്ത്രി വി.കെ. സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ എംബസിയില്‍ നിന്ന് 20 മിനിറ്റ് അകലത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിദ്യാര്‍ത്ഥിയുടെ ട്വീറ്റ്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ എസ്.ജി(21) ആണ് ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് നവീന്‍ കൊല്ലപ്പെട്ടത്

അതേസമയം, റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ ബംഗ്ലാദേശ് പൗരന്‍ ഇന്നലെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒല്‍വിയ തുറമുഖത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബംഗ്ലാദേശ് പൗരന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവന്ന വിവരം.