ഒഹായോ: അമേരിക്കയിലെ ഒഹായോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ സയേഷ് വീര(24)യാണ് കൊല്ലപ്പെട്ടത്. ഓഹിയോയിലെ കൊളംബസ് പ്രവിശ്യയിലെ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സയേഷ് സ്‌റ്റോറിലുണ്ടായ കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് എന്‍.ബി.സി.4 റിപ്പോര്‍ട്ട് ചെയ്തു.
അക്രമിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഓഹിയോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കി എച്ച് 1 ബി വിസ ലഭിക്കാന്‍ പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സയേഷിന് നേരെ ആക്രമണമുണ്ടായത്.
സയേഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്കെത്തിക്കാനായി പബ്ലിക് ഫണ്ടിങ് ആരംഭിച്ചതായി ഗോ ഫണ്ട് മി പേജ് അറിയിച്ചിട്ടുണ്ട്.
ഒരാഴ്ചക്കിടെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വെടിവെപ്പ് കേസാണിത്. കഴിഞ്ഞ ദിവസം വീട് മാറി ബെല്ലടിച്ചതിന്റെ പേരില്‍ പതിനാറുകാരനായ ആഫ്രിക്കന്‍ വംശജനെ വീട്ടുടമസ്ഥന്‍ വെടിവെച്ചത് വലിയ ചര്‍ച്ചയായിരുന്നു.
തന്റെ സഹോദരങ്ങളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് വിളിക്കാന്‍ പോയ റാല്‍ഫ് യാറല്‍ എന്ന കൗമാരക്കാരനെ 85 കാരനായ ആന്‍ഡ്രൂ ലെസ്റ്റര്‍ എന്ന വ്യക്തിയാണ് വെടി വെച്ചത്. തലയിലും കാലിലും വെടിയേറ്റ റാല്‍ഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെയും ആക്രമണമുണ്ടായിട്ടുള്ളത്.
രണ്ടുവര്‍ഷം മുമ്പ് അച്ഛന്‍ മരിച്ച സയേഷിന് അമ്മ മാത്രമാണുള്ളത്. ഇവരെ വിവരം അറിയിച്ചതായി സയേഷിന്റെ സുഹൃത്തുക്കള്‍ മാധ്യമങ്ങളെ അറിയിച്ചു. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന തോക്ക് ആക്രമണങ്ങള്‍ തടയാനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിരുന്നു.
Content Highlight: indian student shot dead in america