വാഷിങ്ടണ്‍: ഏഴുമാസത്തോളം മിസൂറിയില്‍ പീഡനത്തിനിരയായ 20 കാരനെ രക്ഷിച്ച് യു.എസ് ഉദ്യോഗസ്ഥര്‍. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്.
വെങ്കടേഷ് ആര്‍. സത്താരു, ശ്രാവണ്‍ വര്‍മ, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളിലൊരാളായ സത്താരുവാണ് യുവാവിന്റെ ബന്ധു.
യുവാവ് സുരക്ഷിതനാണെന്നും ഒന്നിലധികം അസ്ഥികള്‍ക്ക് സംഭവിച്ച ഒടിവുകള്‍ക്കും മുറിവുകള്‍ക്കുമായി ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രോസിക്യൂട്ടര്‍ ജോ മക്കല്ലോക്ക് പറഞ്ഞു.
അമേരിക്കയില്‍ റോളയിലെ മിസോറി യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പഠനത്തിനായി എത്തിയ യുവാവിനെ പ്രതികള്‍ നിരന്തരം മര്‍ദിക്കുകയും വിശ്രമമില്ലാതെ പണിയെടുപ്പിക്കുകയും ചെയ്തിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് മാസത്തോളം വിദ്യാര്‍ത്ഥി കഠിനമായ ക്രൂരതക്ക് ഇരയായിട്ടുണ്ടെന്നും സമീപപ്രദേശത്തെ അയല്‍വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇലക്ട്രിക്കല്‍ വയര്‍, പി.വി.സി പൈപ്പ്, മെറ്റല്‍ കമ്പികള്‍, മരത്തിന്റെ ബോര്‍ഡുകള്‍, വടികള്‍, വാഷിങ് മെഷീനിനുള്ള ജലവിതരണ ഹോസ് എന്നിവ ഉപയോഗിച്ച് യുവാവിനെ പ്രതികള്‍ മര്‍ദിച്ചതായി പ്രധാന പ്രാദേശിക പത്രമായ സെന്റ് ലൂയിസ് പോസ്റ്റ് ഡിസ്പാച്ച് റിപ്പോര്‍ട്ട് ചെയ്തു.
ശുചിമുറി പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തയിടത്ത് യുവാവിനെ പാര്‍പ്പിക്കുകയും, മൂന്ന് മണിക്കൂര്‍ മാത്രം യുവാവിനെ ഉറങ്ങാന്‍ സമ്മതിക്കുകയും ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു. സംഭവം വളരെ മനുഷ്യത്വരഹിതവും ദാരുണവുമാണെന്ന് യു.എസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികള്‍ക്ക് ഇന്ത്യയില്‍ ശക്തമായ ബന്ധമുള്ളതിനാല്‍ അവരെക്കെതിരെ മൊഴി പറയാന്‍ തനിക്ക് ഭയമാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഇന്ത്യയില്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് തനിക്ക് ഭയം ഉണ്ടെന്നും യുവാവ് ചൂണ്ടിക്കാട്ടി.