| Friday, 14th October 2022, 1:02 pm

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ വംശീയാക്രമണം; പതിനൊന്ന് തവണ കുത്തേറ്റെന്ന് മാതാപിതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നേരെ വംശീയാക്രമണം. പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയായ ശുഭം ഗാര്‍ഗ് എന്ന 28കാരന് നേരെയാണ് കത്തി കൊണ്ട് ക്രൂരമായ ആക്രമണമുണ്ടായത്.

ഇദ്ദേഹത്തിന് പതിനൊന്ന് തവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. ശുഭം ഗാര്‍ഗിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ഒക്ടോബര്‍ ആറാം തീയതിയായിരുന്നു സംഭവം.

ശുഭം ഗാര്‍ഗിനെതിരെയുണ്ടായത് വംശീയമായ ആക്രമണമാണെന്നാണ് ആഗ്രയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറയുന്നത്.

ശുഭത്തിന്റെ മുഖത്തും നെഞ്ചിലും വയറിലും ഗുരുതരമായ നിരവധി മുറിവുകളുണ്ടായതായി കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.

27കാരനായ ഓസ്‌ട്രേലിയന്‍ സ്വദേശിയായ അക്രമിയെ അറസ്റ്റുചെയ്‌തെന്നും കൊലപാതകകുറ്റം ചുമത്തിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

”സിഡ്നിയിലെ റോയല്‍ നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ എന്റെ മകന്‍ അത്യാസന്ന നിലയിലാണ്. അവന് 11 തവണ കുത്തേറ്റു.

തങ്ങള്‍ക്കോ ശുഭത്തിനോ അക്രമിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അവിടെയുള്ള അവന്റെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചു. ഇത് വംശീയ ആക്രമണമാണെന്നാണ് മനസ്സിലാകുന്നത്,” ശുഭത്തിന്റെ പിതാവ് റാംനിവാസ് ഗാര്‍ഗ് പറഞ്ഞു.

മകന്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് കഴിഞ്ഞ ഏഴ് ദിവസമായി ഇവര്‍ വിസക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നിട്ടില്ല.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ സഹായിക്കണമെന്നും കുടുംബം സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്.

സിഡ്‌നിയിലെ ന്യൂ സൗത്ത് വേയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ (University of New South Wales in Sydney) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ശുഭം ഗാര്‍ഗ്.

ഐ.ഐ.ടി മദ്രാസില്‍ നിന്നും ടെക്‌നോളജി ആന്‍ഡ് മാസ്റ്റര്‍ ഓഫ് സയന്‍സില്‍ ബാച്ചിലര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഉപരിപഠനത്തിനായി ശുഭം സിഡ്‌നിയിലെത്തിയത്.

Content Highlight: Indian student from Agra stabbed 11 times in Sydney, family seeks help

We use cookies to give you the best possible experience. Learn more