| Sunday, 24th July 2022, 3:18 pm

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു; പി.എസ്.എല്‍ ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്തേഴ്‌സിനോട് കൊമ്പുകോര്‍ക്കുന്നത് ഇന്ത്യയുടെ ഈ സൂപ്പര്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സ്വന്തം ഫ്രാഞ്ചൈസി ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്തേഴ്‌സും ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്മാരായ ബംഗാളും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു.

നമീബിയയില്‍ വെച്ച് നടക്കുന്ന ടി-20 ടൂര്‍ണമെന്റിലാവും ഇരുവരും ഏറ്റുമുട്ടുന്നത്. സെപ്തംബറില്‍ നടക്കുന്ന നാല് ടീമുകളുടെ ടൂര്‍ണമെന്റില്‍ ഇരുവരും പങ്കെടുക്കുമെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാള്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ടി-20 ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.

ഇതിന് പുറമെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള 16 ആംഗ സ്‌ക്വാഡിനേയും ബംഗാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ അടക്കം തിളങ്ങിയ സൂപ്പര്‍ താരങ്ങളാണ് ബംഗാള്‍ ടീമിലുള്ളത്. അഭിമന്യു ഈശ്വരന്‍, ഷഹബാസ് അഹമ്മദ്, ഇഷാന്‍ പോരല്‍, ആകാശ് ദീപ്, മുകേഷ് കുമാര്‍ അടക്കമുള്ള താരങ്ങളാണ് ബംഗാളിന്റെ കരുത്ത്.

ആകാശ് ദീപ്

ഷഹബാസ് അഹമ്മദ്

ഇഷാന്‍ പോരല്‍

ടൂര്‍ണമെന്റിന്റെ പ്രക്ഷേപകര്‍ ഞങ്ങളുടെ പ്രസിഡന്റ് അവിഷേക് ഡാല്‍മിയയുമായി സംസാരിച്ചിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുമ്പ് ആറ് – ഏഴ് മത്സരങ്ങള്‍ കളിക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയും ചെയ്യും,’ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ദേബബ്രത ദാസ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.

ലാഹോര്‍ ഖലന്തേഴ്‌സാണ് നിലവിലെ പി.എസ്.എല്‍ ചാമ്പ്യന്‍മാര്‍. മുന്‍ ചാമ്പ്യന്‍മാരായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ തോല്‍പിച്ചുകൊണ്ടാണ് ഖലന്തേഴ്‌സ് ചാമ്പ്യന്‍മാരായത്.

പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിയാണ് ഖലന്തേഴ്‌സിന്റെ ക്യാപ്റ്റന്‍. അഫ്രിദിക്ക് പുറമെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍, പാക് സ്റ്റാര്‍ ബാറ്റര്‍ അബ്ദുള്ള ഷഫീഖ്, വിദേശ താരങ്ങളായ ഹാരി ബ്രൂക്, ഫില്‍ സാള്‍ട്ട്, മാത്യു പോട്‌സ്, ഡേവിഡ് വൈസ് തുടങ്ങിയവരും ഖലന്തേഴ്‌സിനൊപ്പമുണ്ട്.

നിലവില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഷഹീന്‍ അഫ്രിദി. പരിക്ക് കാരണം ശ്രീലങ്ക – പാകിസ്ഥാന്‍ ടെസ്റ്റ് സീരീസിലെ രണ്ടാം മത്സരം താരത്തിന് നഷ്ടമാവും. ടൂര്‍ണമെന്റിന് മുമ്പ് പരിക്ക് മാറിയെത്താനാവും ഷഹീന്‍ ശ്രമിക്കുന്നത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഒരു ടി-20 ടീമും ഇവരോടാപ്പം ടൂര്‍ണമെന്റിന്റെ ഭാഗമാവും. എന്നാല്‍ ഏത് ഫ്രാഞ്ചൈസിയായിരിക്കുമെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.

Content highlight:  Indian star team Bengal to face Pakistan Super League franchise Lahore Qalandars – Report

We use cookies to give you the best possible experience. Learn more