ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ പകരം വെക്കാനില്ലാത്ത താരമാണ് യൂസ്വേന്ദ്ര ചഹല്‍. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ മുന്നില്‍ നിന്നും നയിക്കുന്ന ഈ 32കാരന്‍ ഏതൊരു ബാറ്ററുടെയും മുട്ടുകൂട്ടിയിടിപ്പിക്കാന്‍ പോന്നവനാണ്.
വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാവുമെന്ന് കരുതപ്പെടുന്ന താരമാണ് ചഹല്‍. കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി എണ്ണമറ്റ വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് താരം പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ നെടുംതൂണാവുമ്പോഴും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ പേര് കേള്‍ക്കാറില്ല. കാരണം താരം ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നതു തന്നെ.
ഹരിയാനയക്കായി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കാലയളവില്‍ ഹരിയാനക്ക് വേണ്ടിയും ചഹല്‍ വെള്ള ജേഴ്‌സി ധരിച്ചിട്ടില്ല.
ഇപ്പോഴിതാ, ഇന്ത്യയ്ക്കായി ടെസ്റ്റില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞിരിക്കുകയാണ് ചഹല്‍. എന്നാല്‍ ടെസ്റ്റ് കളിക്കാനുള്ള സാധ്യത പരിഗണിക്കുന്നതിന് മുമ്പ് തന്നെ വലിയ ആത്മപരിശോധന വേണ്ടിവരുമെന്നും ചഹല്‍ പറയുന്നു.
സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ടെസ്റ്റ് കളിക്കാനുള്ള തന്റെ ആഗ്രഹം വ്യക്കതമാക്കിയത്.
‘ഒരു ടെസ്റ്റ് ക്രിക്കറ്റര്‍ എന്ന് ലേബല്‍ ചെയ്യപ്പെടുമ്പോള്‍ ലഭിക്കുന്ന വികാരവും സന്തോഷവും ഏറെ വ്യത്യസ്തമാണ്. എന്റെ അവസാന പത്ത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും ഞാന്‍ 50 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഞാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത, ചഹല്‍ പറയുന്നു.
എന്നാല്‍ രഞ്ജിയില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കണമെന്നും തന്റെ ബൗളിങ് എബിലിറ്റിയെ കുറിച്ച് ആളുകള്‍ക്കുള്ള സംശയം തീര്‍ക്കണമെന്നും താരം പറയുന്നു.
രഞ്ജി സീസണ്‍ തുടങ്ങുമ്പോള്‍ ഹരിയാന്ക്കായി കളിക്കാന്‍ അവസരം കിട്ടുകയാണെങ്കില്‍ എന്റെ ബൗളിങ്ങിനെ കുറിച്ചുള്ള സംശയങ്ങള്‍ നീക്കി എനിക്ക് ടെസ്റ്റിലേക്ക് മടങ്ങിയെത്തണം,’ താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള പരിശീലനത്തിലാണ് ചഹല്‍. പാകിസ്ഥാനെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ മത്സരം തൊട്ടിങ്ങോട്ട് എല്ലാ മത്സരത്തിലും ഐ.പി.എല്ലിലെ ചഹല്‍ മാജിക്കിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.