| Thursday, 7th March 2024, 9:23 am

അശ്വിന്‍ ഇന്ന് ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് ഒന്ന് പേടിക്കാം; അവസാന പോരിന് തയ്യാര്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് ഇന്ന് ധര്‍മശാലയില്‍ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമാണ് ഉള്ളത്. മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് മത്സരം നടക്കുന്നത്. ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിന്‍ തന്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കാനിരിക്കുകയാണ്.

അശ്വിന്റെ ടെസ്റ്റ് കരിയറിലെ നിര്‍ണായക നാഴികക്കല്ലിലാണ് താരം എത്തിച്ചേരാനിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 500 വിക്കറ്റ് തികക്കാനും നിര്‍ണായക നാഴികകല്ല് പിന്നിടാനും അശ്വിന് കഴിഞ്ഞു. അനില്‍ കുംബ്ലെക്ക് ശേഷം വേഗത്തില്‍ 500 വിക്കറ്റ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ഇതോടെ ഒട്ടനവധി താരങ്ങള്‍ അശ്വിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. സ്റ്റാര്‍ സ്പിന്നറുടെ നിര്‍ണായക നേട്ടത്തില്‍ ബി.സി.സി.ഐയും പങ്ക് ചേര്‍ന്ന് കൊണ്ട് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.

അശ്വിന്‍ മികച്ച ഫോമില്‍ തുടരുമ്പോള്‍ ഇംഗ്ലണ്ടിന് അവസാന ടെസ്റ്റിലും വിയര്‍ക്കേണ്ടി വരുമെന്നത് ഉറപ്പാണ്. എന്നാല്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ഇംഗ്ലണ്ടിന് മത്സരം ജയിക്കേണ്ടിവരും. പക്ഷെ ഇംഗ്ലണ്ടിനെ നാണംകെടുത്തിത്തന്നെ പറഞ്ഞയക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.

ഇതോടെ 100 ടെസ്റ്റ് മത്സരങ്ങള്‍ തികക്കുന്ന പതിനാലാമത്തെ ഇന്ത്യന്‍ താരം ആകാനുള്ള അവസരവും അശ്വിന്‍ സ്വന്തമാക്കാനിരിക്കുകയാണ്.

100 മത്സരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് കളിച്ച ഇന്ത്യന്‍ താരങ്ങള്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (200), രാഹുല്‍ ദ്രാവിഡ് (163), വി.വി.എസ്. ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപില്‍ ദേവ് (131), സുനില്‍ ഗവാസ്‌കര്‍ (125), ദിലീപ് വെങ്സര്‍കര്‍ (125), സൗരവ് ഗാംഗുലി (113), വിരാട് കോഹ് ലി (113), ഇഷാന്ത് ശര്‍മ (105), ഹര്‍ഭജന്‍ സിങ് (103), ചെതേശ്വര്‍ പൂജാര (103), വിരേന്ദര്‍ സേവാഗ് (103).

Content highlight: Indian star spin bowler Ravichandran Ashwin is set to play his 100th Test match

We use cookies to give you the best possible experience. Learn more