ഐ.സി.സിയുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്ലോബല്‍ ഇവന്റിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റില്‍ തന്റെ ഭാവി തീരുമാനത്തെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ശിഖര്‍ ധവാന്‍. തന്റെ ലക്ഷ്യം അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന 50 ഓവര്‍ ലോകകപ്പാണെന്നും അതിനായാണ് താന്‍ പരിശ്രമിക്കുന്നതെന്നുമായിരുന്നു ധവാന്‍ പറഞ്ഞത്.
നിലവില്‍ ഇന്ത്യയുടെ ടി-20 ഫോര്‍മാറ്റിന്റെ ഭാഗമല്ല ശിഖര്‍ ധവാന്‍. ടി-20ക്ക് വേണ്ടിയുള്ള സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് കുറച്ചു നാളുകളായി ഗബ്ബറിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ട്. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ താന്‍ പുലിയാണെന്ന് ധവാന്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്.
ഏകദിനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ചുരുക്കം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ധവാന്‍. ഇന്ത്യയുടെ പല ഏകദിന പരമ്പരകളിലും ടീമിനെ നയിച്ചത് ധവാനായിരുന്നു.
ലങ്കക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചതും വിജയത്തിലേക്കെത്തിച്ചതും ധവാന്‍ തന്നെയായിരുന്നു.
ഏകദിനത്തില്‍ വണ്‍ ആന്‍ഡ് ഓണ്‍ലിയായി തുടരുന്നതിനിടെയാണ് താരം തന്റെ ഭാവിയെ കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ എന്റെ അറിവും കളി ശൈലിയുമെല്ലാം തന്നെ യുവതാരങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ എന്റെ മേല്‍ ഒരു ഉത്തരവാദിത്തമുണ്ട്, അത് ഞാന്‍ ആസ്വദിക്കുകയാണ്.
എന്റെ ലക്ഷ്യം 2023ല്‍ ഇന്ത്യല്‍ വെച്ച് നടക്കുന്ന ലോകകപ്പാണ്. അതിന് വേണ്ടി പൂര്‍ണമായും ഫിറ്റായിരിക്കുക എന്നതും മാനസികമായി തയ്യാറെടുക്കുക എന്നതുമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്,’ ധവാന്‍ പറയുന്നു.
അതേസമയം, സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്ക് ഒക്ടോബര്‍ ആറിന് തുടക്കമാവുകയാണ്. ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. സീനിയര്‍ താരങ്ങള്‍ പലരും വിശ്രമിക്കുന്ന പരമ്പരയില്‍ ധവാന്റെ ചുമലിലുള്ള ഉത്തരവാദിത്തം വളരെ വലുതാണ്.
ടി-20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഏകദിന പരമ്പരക്ക് ഒരുങ്ങുന്നത്. ധവാന്റെ ശീലമെന്നോണം ഈ പരമ്പരയും ക്ലീന്‍ സ്വാപ് ചെയ്ത് സ്വന്തമാക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം.