| Sunday, 9th October 2022, 7:44 am

ഇംഗ്ലണ്ടിനാവാം, ഓസ്‌ട്രേലിയക്കുമാവാം, അങ്ങനെയെങ്കില്‍ ഇന്ത്യക്കുമായിക്കൂടേ? തുറന്നടിച്ച് സ്റ്റാര്‍ പേസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ടീമുകള്‍ അവരുടെ സ്‌ക്വാഡില്‍ വിശ്വാസമര്‍പ്പിച്ച് ലോകകപ്പ് സ്വപ്‌നം കാണാന്‍ ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം പാടെ നിരാശപ്പെടുത്തിയ ഇന്ത്യയുടെ മനസ്സിലും ഇത്തവണ ലോകകപ്പ് മാത്രമാണുള്ളത്. ടീം സെലക്ഷനില്‍ പോരായ്മകള്‍ ഏറെയാണെങ്കിലും തങ്ങളുടെ പ്രകടനം കൊണ്ട് അത് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം.

താരങ്ങളുടെ പരിക്കും ഇന്ത്യയെ അലട്ടുന്നുണ്ട്. അതില്‍ പ്രധാനം രവീന്ദ്ര ജഡേജയുടെ പരിക്ക് തന്നെയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യക്ക് വിശ്വസിക്കാന്‍ സാധിക്കുന്ന ജഡേജയുടെ പരിക്ക് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ഭയവും ആരാധകര്‍ക്കുണ്ട്.

ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ആധിപത്യമുള്ള പിച്ചില്‍ ബാറ്റര്‍മാര്‍ ഏറെ വിയര്‍ക്കേണ്ടി വരും. കൂറ്റന്‍ സിക്‌സറുകളോ തുടരെ തുടരെ ബൗണ്ടറികളോ നേടാന്‍ ഓസീസ് പിച്ച് ബാറ്റര്‍മാരെ അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ ശക്തമായ ബാറ്റിങ് നിരയൊരുക്കിയാണ് പല ടീമുകളും ഓസ്‌ട്രേലിയയിലേക്ക് പറന്നത്.

ഇപ്പോഴിതാ, ഇന്ത്യയുടെ ബാറ്റിങ് ലൈന്‍ അപ്പിനെ കുറിച്ച് പറയുകയാണ് സൂപ്പര്‍ താരം ഷര്‍ദുല്‍ താക്കൂര്‍. ശക്തിയേറിയ ലൈന്‍ അപ്പാണ് പല ടീമുകളും സജ്ജമാക്കിയത് എന്നായിരുന്നു താക്കൂറിന്റെ അഭിപ്രായം.

‘അന്താരാഷ്ട്ര തലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളെയെല്ലാം നോക്കിയാല്‍ അവരുടെ ബാറ്റിങ് ലൈന്‍ അപ്പ് ഡീപ്പും ശക്തമേറിയതുമാണ്.

ഓസ്‌ട്രേലിയയുടെ കാര്യമെടുത്താല്‍ പാറ്റ് കമ്മിന്‍സ്. മിച്ചല്‍ സ്റ്റാര്‍ക്ക് പോലുള്ള താരങ്ങള്‍ എട്ടാം നമ്പറിലും ഒമ്പതാം നമ്പറിലുമൊക്കെയാണ് ബാറ്റ് ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ കാര്യത്തിലും ഏകദേശം ഇതേ അവസ്ഥ തന്നെയാണ്. പിന്നെ എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ?

നമുക്കും നമ്മുടെ ബാറ്റിങ് ലൈന്‍ അപ് ശക്തമേറിയതാക്കി കളിയില്‍ മാറ്റം വരുത്താന്‍ സാധിക്കും. 15-20 റണ്‍സുകള്‍ കളിയുടെ ഫലം തന്നെ മാറ്റി മറിക്കും. പ്രത്യേകിച്ച് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍,’ താക്കൂര്‍ പറയുന്നു.

ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന ടി-20 ലോകകപ്പ് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണ ലോകകപ്പില്‍ നേരിട്ട പരാജയവും ഏഷ്യാ കപ്പിലെ തിരിച്ചടിയും മറികടക്കണമെങ്കില്‍ ഈ ലോകകപ്പ് നേടേണ്ടത് അത്യാവശ്യമാണ്.

Content Highlight: Indian Star Shardul Thakur About Having A Long Batting Line Up

Latest Stories

We use cookies to give you the best possible experience. Learn more