| Friday, 12th August 2022, 12:47 pm

ക്യാപ്റ്റനുമായില്ല, വൈസ് ക്യാപ്റ്റനുമായില്ല; പന്തിന് കിട്ടിയത് 'പുതിയ പണി'

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും യുവതാരവുമായ റിഷബ് പന്തിനെ തേടി പുതിയ ചുമതല. ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് പന്ത് ചുമതലയേറ്റിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ ദല്‍ഹിക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍ക്കൂടിയും അദ്ദേഹത്തിന്റെ വേരുകള്‍ ഉത്തരാഖണ്ഡിലാണ്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് പന്തിനെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനവും ഉത്തരാഖണ്ഡിന്റെ പുത്രനുമായ റിഷബ് പന്തിനെ യുവാക്കളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായും സംസ്ഥാനത്തെ ആരോഗ്യരംഗം പരിപോഷിപ്പിക്കുന്നതിനായും സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുന്നു,’ ധാമി ട്വീറ്റ് ചെയ്തു.

ഇത്തരമൊരു അവസരം ലഭിച്ചത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്നും ഇത് വലിയ ഒരു ഉത്തരവാദിത്തമാണെന്നുമായിരുന്നു പന്തിന്റെ പ്രതികരണം.

‘എനിക്ക് ഇങ്ങനെ ഒരു അവസരം നല്‍കിയതില്‍ പുഷ്‌കര്‍ ധാമി ജിക്ക് നന്ദി പറയുന്നു. ഇത് വളരെ സന്തോഷം നല്‍കുന്നു. അതേസമയം, വളരെ വലിയൊരു ഉത്തരവാദിത്തമാണ് എന്നതിലും ഒരു സംശയമില്ല.

നിങ്ങളുടെ മനസില്‍ ഒരു ലക്ഷ്യം വെക്കുകയും അത് നേടിയെടുക്കാന്‍ കഠിനമായി അധ്വാനിക്കുകയും ചെയ്താല്‍ എന്ത് കാര്യവും നേടിയെടുക്കാം എന്നതാണ് യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം,’ പന്ത് ട്വീറ്റ് ചെയ്തു.

നിലവില്‍ ഇന്ത്യന്‍ ടീമിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒരാളാണ് റിഷബ് പന്ത്. ഇന്ത്യയ്ക്കായി 31 ടെസ്റ്റും 27 ഏകദിനവും 54 ടി-20 മത്സരവും കളിച്ച പന്ത് ഒരുവേള ഇന്ത്യന്‍ ടീമിന്റെ നായകനുമായിരുന്നു.

ധോണിക്ക് പകരക്കാരനായി ഇന്ത്യ വളര്‍ത്തിയെടുക്കുന്ന പന്ത് ഭാവിയില്‍ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകനാവാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഷ്യാ കപ്പാണ് ഇനി പന്തിന് മുമ്പിലെ പ്രധാന കടമ്പ. ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ കൂടിയായ പന്തിന് ചുമതലകളേറെയാണ്.

ഏഷ്യാ കപ്പിന്റെ സ്‌ക്വാഡ് തന്നെയായിരിക്കും ടി-20 ലോകകപ്പിനും ഉണ്ടാവുക എന്നതിനാല്‍ പന്തിന് മേലുള്ള ആരാധകരുടെ പ്രതീക്ഷകളും ഏറെ വലുതാണ്.

Content Highlight: Indian star Rishabh Pant appointed as Uttarakhand’s Brand Ambassador

We use cookies to give you the best possible experience. Learn more