Advertisement
Sports News
എനിക്ക് ഏറ് കൊണ്ടതിന് കരഞ്ഞത് ഓസീസ് താരമാണ്, അതാണ് ഞങ്ങള്‍ക്ക് ആവേശമായത്: ആര്‍. അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 18, 04:58 am
Saturday, 18th June 2022, 10:28 am

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ആര്‍. അശ്വിന്‍. ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും കാമിയോ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന അശ്വിന്റെ ബാറ്റിങ് മികവ് പല മത്സരത്തിലും ഇന്ത്യയ്ക്ക് തുണയായിട്ടുണ്ട്.

അത്തരത്തിലൊരു പ്രകടനമായിരുന്നു 2020-21 സീസണിലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നടന്നത്. അശ്വിന്റെ മാസ്മരിക പ്രകടനമായിരുന്നു അന്ന് ഇന്ത്യയ്ക്ക് തുണയായത്.

അന്നത്തെ മത്സരസമയത്ത് ഓസീസ് താരങ്ങള്‍ മാക്‌സിമം സ്ലെഡ്ജിങ് ചെയ്തിരുന്നുവെന്നും അതാണ് മത്സരത്തില്‍ തങ്ങള്‍ക്ക് ഏറെ ആവേശമായതെന്നും പറയുകയാണ് അശ്വിന്‍.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ വൂട്ടില്‍ സ്ട്രീം ചെയ്ത ബാന്ദോന്‍ മേന്‍ താ ദം (Bandon Mein Tha Dum) ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

‘എനിക്ക് പന്തുകൊണ്ട് ഏറ് കിട്ടിയപ്പോള്‍ മാത്യു വേഡ് എന്നെ കളിയാക്കുന്ന രീതിയില്‍ കരഞ്ഞിരുന്നു. എന്റെ മുന്നില്‍ തന്നെവെച്ചായിരുന്നു വേഡിന്റെ പ്രകടനം.

അപ്പോഴാണ് ഞാന്‍ എന്താണെന്ന് ഇവര്‍ക്ക് കാണിച്ചുകൊടുക്കേണ്ട സമയമായത് എന്നെനിക്ക് തോന്നിയത്.

ഞാന്‍ എന്റെ കരിയറില്‍ ഇത്തരമൊരു അനുഭവത്തിലേക്ക് പോയിട്ടില്ലായിരുന്നു. ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ എന്ന അവസ്ഥയിലേക്കായിരുന്നു എന്റെ മനസ് മാറിയത്,’ അശ്വിന്‍ പറയുന്നു.

പിന്നീട് തന്റെ സ്‌പൈക്‌സ് കുരുങ്ങിയപ്പോഴും വേഡും കൂട്ടരും കളിയാക്കിയെന്നും ഇതാണ് തങ്ങള്‍ക്ക് ആവേശത്തോടെ കളിക്കാന്‍ വഴിയൊരുക്കിയതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Indian Star R Ashwin about the sledging of Matthew Wade and Other Australian players