ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനടത്തിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കുകയാണ്. മത്സരത്തിന് മുമ്പ് ഇന്ത്യന്‍ സൂപ്പര്‍ താരം ദീപക് ചഹറിന് കരിയറിലെ തന്നെ മോശം യാത്രാ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. മലേഷ്യ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റിലാണ് താരത്തിന് മോശം അനുഭവമുണ്ടായത്.
ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഷര്‍ദുല്‍ താക്കൂര്‍, റിഷബ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നും കോലാലംപൂര്‍ വഴി ധാക്കയിലേക്ക് വരവെയാണ് താരത്തിന് മോശം അനുഭവം ഉണ്ടായത്.
ഒരു മുന്നറിയിപ്പും കൂടാതെ ഫ്‌ളൈറ്റ് മാറിയെന്നും ബിസിനസ് ക്ലാസില്‍ ആയിരുന്നിട്ടുകൂടിയും ഭക്ഷണം ലഭിച്ചില്ലെന്നും താരം പറയുന്നു. മിര്‍പൂരില്‍ ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നെങ്കിലും ഇവരുടെ ലഗേജ് ഇനിയും എത്തിയിട്ടില്ല.
‘ഏറ്റവും മോശം യാത്രാനുഭവമാണ് മലേഷ്യന്‍ എയര്‍ലൈന്‍സിനൊപ്പം ഉണ്ടായത്. അവര്‍ ഒരക്ഷരം പോലും പറയാതെ ഫ്‌ളൈറ്റ് ചെയ്ഞ്ച് ചെയ്തു. ബിസിനസ് ക്ലാസിലായിരുന്നിട്ടും ഭക്ഷണം ലഭിച്ചില്ല. കഴിഞ്ഞ 24 മണിക്കൂറായി ഞങ്ങള്‍ ലഗേജിനായി കാത്തിരിക്കുകയാണ്. നാളെ ഞങ്ങള്‍ക്കൊരു മാച്ച് കളിക്കാനുള്ളതാണ്,’ താരം ട്വീറ്റ് ചെയ്തു.
താരത്തിന് നേരിട്ട അസൗകര്യത്തിന് പിന്നാലെ മാപ്പുമായി എയര്‍ലൈന്‍സ് കമ്പനിയും രംഗത്തെത്തിയിരുന്നു.
മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്. മത്സരത്തിലെ ആദ്യ ഏകദിനം ഞായറാഴ്ച ഇന്ത്യന്‍ സമയം പകല്‍ 11.30ന് നടക്കും. ഷേര്‍ ഇ ബംഗ്ലായാണ് വേദി.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ലിട്ടണ്‍ ദാസാണ് ബംഗ്ലാ കടുവകളെ നയിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്:
കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, രാഹുല്‍ ത്രിപാഠി, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഷഹബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍.
ബംഗ്ലാദേശ് സ്‌ക്വാഡ്:
നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, തമീം ഇഖ്ബാല്‍, യാസിര്‍ അലി, ആഫിഫ് ഹൊസൈന്‍, മഹ്മദുള്ള, മെഹ്ദി ഹാസന്‍, ഷാകിബ് അല്‍ ഹസന്‍, അനാമുല്‍ ഹഖ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍)), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), എബാദോത് ഹൂസൈന്‍, ഹസന്‍ മഹ്മൂദ്, മുസ്താഫിസുര്‍ റഹ്മാന്‍, നാസും അഹമ്മദ്, ഷോരിഫുള്‍ ഇസ്‌ലാം, താസ്‌കിന്‍ അഹമ്മദ്.
Content Highlight: Indian star Deepak Chahar about worst travel experience