| Monday, 8th August 2022, 9:54 pm

സഞ്ജുവിനെ പരിസരത്ത് പോലും അടുപ്പിച്ചില്ല, അയ്യരും പുറത്ത്, രാജാവ് തിരിച്ചുവരവ് നടത്തും; ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്തുവന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ സ്‌ക്വാഡിനെയാണ് ടീം ഇന്ത്യ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി കെ.എല്‍. രാഹുല്‍ തിരിച്ചെത്തിയിട്ടുണ്ട്.

മലയാളി താരമായ സഞ്ജു സാംസണ് ടീമിന്റെ സ്റ്റാന്‍ഡ് ബൈ പ്ലെയറായി പോലും അവസരം ലഭിച്ചില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അക്‌സര്‍ പട്ടേലിനും ഇന്ത്യന്‍ ടീമിലിടമില്ല.

പരിക്കേറ്റ പ്രധാന പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിലുണ്ടാകില്ല. ഭുവനേശ്വര്‍ കുമാറായിരിക്കും ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പേസ് നിരയെ നയിക്കുക.

ഇഷന്‍ കിഷാനെ ഉള്‍പ്പെടുത്താത്ത ടീമില്‍ റിഷബ് പന്തും ദിനേഷ് കാര്‍ത്തിക്കുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യുവ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിങ് ടീമിലിടം നേടി. ഭുവി, അര്‍ഷ്ദീപ്, ആവേഷ് ഖാന്‍ എന്നിവരാണ് ടീമിന്റെ പേസ് ബൗളര്‍മാര്‍. കൂടെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമുണ്ട്.

ചഹല്‍ നയിക്കുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെറ്ററന്‍ താരമായ ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് എന്നിവരുമുണ്ട്.

മുന്‍ നായകന്‍ വിരാട് കോഹ്‌ലി ടീമിലെത്തിയതാണ് സ്‌ക്വാഡിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലെത്തുന്ന അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ടീമിന്റെ സ്റ്റാന്‍ഡ്‌ബൈ ആയിട്ട് മൂന്ന് താരങ്ങളെയാണ് തെരഞ്ഞെടുത്തത്. ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍.

ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. 28ാം തീയതി പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍ , അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Content Highlights: Indian Squad for Asia cup 2022 sanju samson excluded

We use cookies to give you the best possible experience. Learn more