'കോഹ്‌ലിക്കെതിരെ വിരല്‍ ചൂണ്ടി ഇന്ത്യന്‍ കായിക ലോകം'; 'പരിശീലകര്‍ ഗുരുവും വഴികാട്ടിയുമെന്ന് ബിന്ദ്ര
Daily News
'കോഹ്‌ലിക്കെതിരെ വിരല്‍ ചൂണ്ടി ഇന്ത്യന്‍ കായിക ലോകം'; 'പരിശീലകര്‍ ഗുരുവും വഴികാട്ടിയുമെന്ന് ബിന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st June 2017, 5:23 pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച ഘട്ടങ്ങളില്‍ ഒന്നായിരുന്നു കുംബ്ലെയുടെ കീഴിലുള്ള സമയമെന്ന് നിസംശയം പറയാന്‍ കഴിയും. മികച്ച വിജയങ്ങളിലേക്ക് ടീമിനെ എത്തിച്ച കുംബ്ലെയെ ബി.സി.സി.ഐയുമായുള്ള കരാര്‍ കഴിഞ്ഞിട്ടും ഉപദേശക സമിതി വീണ്ടും സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതും അതുകൊണ്ട് തന്നെയാണ്.


Also read എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍


ഇതോടെ കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങളും ഇന്ത്യന്‍ കായികലോകത്തെ മറ്റു താരങ്ങളും രംഗത്തെത്തുകയും ചെയ്തു. പരിശീലകനും നായകനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ള വിവരം തനിക്കറിയില്ലായിരുന്നെന്നും കുംബ്ലെയെകൊണ്ട് ടീമിന് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു എന്നുമായിരുന്നു മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞിരുന്നത്.

ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും കോഹ്‌ലിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ബിന്ദ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കോഹ്‌ലിയുടെ പേര് പറയാതെയായിരുന്നു ബിന്ദ്രയുടെ പരാമര്‍ശം.

“എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാന്‍ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം തേടി. ഞാനൊരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക” ബിന്ദ്ര പറഞ്ഞു.

ബിന്ദ്രയ്ക്ക് പിന്നാലെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും കുംബ്ലെയെ പിന്തുണച്ച രംഗത്തെത്തി. “എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നു. അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നത്” ബിന്ദ്രയുടെ പോസ്റ്റിന് മറുപടിയുമായി ജ്വാല ട്വീറ്റ് ചെയ്തു.

കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കുംബ്ലെയുടെ രാജിയെങ്കിലും കോഹ്‌ലിയുമായുള്ള പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞത് കോഹ്‌ലിയുടെ മുന്നോട്ടുള്ള കളി ജീവിതത്തെ ബാധിക്കുമെന്ന തരത്തിലുള്ള സൂചനകളാണ് കായികലോകം നല്‍കുന്നത്.