| Tuesday, 19th July 2022, 4:44 pm

അതിന്റെ വെടി ഇപ്പോള്‍ തീരും, അവസാനം കണ്ടു തുടങ്ങി; അശ്വിന് പിന്നാലെ ആ ഫോര്‍മാറ്റിനെ തള്ളിപ്പറഞ്ഞ് ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ നിന്നും ക്രിക്കറ്റിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വ്യത്യസ്ത ഫോര്‍മാറ്റുകള്‍ തന്നെയാണ്. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ആവേശത്തിന്റെ പാക്കറ്റാണ് ഫുട്‌ബോളെങ്കില്‍ ക്ലാസ് ക്രിക്കറ്റായ ടെസ്റ്റും, മാസ് ക്രിക്കറ്റ് ഫോര്‍മാറ്റായ ഏകദിനവും ആക്ഷന്‍ പാക്ഡ് ആയ ടി-20യുമാണ് ക്രിക്കറ്റിന്റെ കളിയഴക്.

ഓരോ ഫോര്‍മാറ്റിനുമുള്ള ലോകകപ്പുകളും ഈ ഗെയിമിനെ കൂടുതല്‍ ആവേശത്തിലാഴ്ത്തുന്നു (ടെസ്റ്റിന് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്). എന്നാല്‍ പലര്‍ക്കും ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കണമെന്നില്ല. ചിലര്‍ക്ക് ബെസ്റ്റ് ക്രിക്കറ്റായ ടെസ്റ്റിനോടാണ് പ്രിയമെങ്കില്‍ ചിലര്‍ക്കത് ടി-20യാണ്.

എന്നാലിപ്പോള്‍ മരിക്കാന്‍ പോകുന്ന ക്രിക്കറ്റ് ഫോര്‍മാറ്റിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജ. ഏകദിന ക്രിക്കറ്റിന്റെ ഭാവി അവതാളത്തിലാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്.

‘നമ്മളെപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചോര്‍ത്താണ് വേവലാതിപ്പെടുന്നത്. എന്നാല്‍ ഏകദിനത്തിന്റെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഭാവിയില്‍ ഒട്ടേറെ താരങ്ങള്‍ ആ ഫോര്‍മാറ്റില്‍ നിന്നും പിന്‍മാറുന്നത് കാണാന്‍ നമുക്കാകും,’ ഓജ പറയുന്നു.

നേരത്തെ ക്രിക്കറ്റിലെ ഏറ്റവും മോശം ഫോര്‍മാറ്റ് ഏകദിനമാണെന്ന് സൂപ്പര്‍ താരം ആര്‍. അശ്വിനും അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റിലെ ഏറ്റവും ബോര്‍ ഫോര്‍മാറ്റാണ് ഏകദിനമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ടി-20 ക്രിക്കറ്റിന്റെ വളര്‍ച്ച ഏകദിനത്തിന്റെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും കാലഹരണപ്പെട്ടതാക്കി തീര്‍ക്കുമെന്നും അശ്വിന്‍ പറഞ്ഞു.

വോണി ആന്‍ഡ് ടിഫേര്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പോഡ്കാസ്റ്റിലായിരുന്നു അശ്വിന്‍ മനസുതുറന്നത്.

പലപ്പോഴും വണ്‍ ഡേ ക്രിക്കറ്റ് കാണുന്നത് മടുത്ത് ടി.വി ഓഫ് ചെയ്ത് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് അനലിസ്റ്റ് ആകാശ് ചോപ്രയും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.

ക്രിക്കറ്റില്‍ നിന്നും ഏകദിന ഫോര്‍മാറ്റ് എടുത്തുകളയണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ടി-20 ഫോര്‍മാറ്റ് ആളുകളെ ആവേശഭരിതരാക്കുകയാണെന്നും ഏകദിന ഫോര്‍മാറ്റ് കാലഹരണപ്പെട്ടുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

Content Highlight: Indian spinner Pragyan Ojha says the future of ODI looks uncertain

We use cookies to give you the best possible experience. Learn more