ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡിട്ട് വിരാട് കോഹ്‌ലി
Cricket
ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡിട്ട് വിരാട് കോഹ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th December 2018, 6:24 pm

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസീസ് മണ്ണില്‍ 1000 ടെസ്റ്റ് റണ്‍ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സെടുത്തപ്പോഴാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. അതിവേഗം ആയിരം തികക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് വിരാട്. 18 ഇന്നിങ്‌സില്‍ നിന്നാണ് വിരാടിന്റെ നേട്ടം.

കോഹ്‌ലിക്ക് പുറമെ സച്ചിന്‍(1809), വി.വി.എസ്. ലക്ഷമണ്‍ (1236), രാഹുല്‍ ദ്രാവിഡ് (1143) എന്നിവരാണ് 1000 ക്ലബിലെത്തിയ മറ്റു താരങ്ങള്‍.

ടെസ്റ്റ് ചരിത്രത്തില്‍ ഓസീസില്‍ 1000 തികയ്ക്കുന്ന ഇരുപത്തിയെട്ടാമനാണ് വിരാട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒരു സന്ദര്‍ശക ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ശരാശരിയിലാണ് വിരാട് 1000 തികച്ചത്. 59.05 ആണ് ശരാശരി.

ALSO READ: വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഗംഭീര്‍; ഗംഭീറിന് അന്ധ്ര താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

കൂടാതെ ക്യാപ്റ്റനെന്ന നിലയിലും വിദേശമണ്ണില്‍ വിരാട് 2000 റണ്‍സ് തികച്ചു. അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിംഗ്, ഗ്രേയം സ്മിത്ത്, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് മറ്റുള്ളവര്‍.

അതേസമയം ഓസ്ട്രേലിയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ലീഡ് സ്വന്തമാക്കി. മൂന്നാംദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് എന്ന നിലയിലാണ് സന്ദര്‍ശകര്‍.40 റണ്‍സുമായി പൂജാരയും ഒരു റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. നേരത്തെ ഇന്ന് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയ 235 ന് പുറത്തായി.

മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ബുംറ ഒരു വിക്കറ്റും നേടി. 191 ന് ഏഴ് എന്ന നിലയിലായിരുന്നു ആതിഥേയര്‍ ഇന്ന് ഇന്നിംഗ്സ് ആരംഭിച്ചത്.

15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രാഹുല്‍ 44 റണ്‍സും മുരളി വിജയ് 18 റണ്‍സുമായി പുറത്തായി.രണ്ടാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത പൂജാര-കോഹ്ലി സഖ്യം ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു.മൂന്നാംദിവസത്തെ കളിയവസാനിക്കാനിരിക്കെ 34 റണ്‍സെടുത്ത കോഹ്ലിയെ നതാന്‍ ല്യോണ്‍ പുറത്താക്കുകയായിരുന്നു.