ബൂം ബൂം അഫ്രിദിയൊക്കെ അങ്ങ് മാറി നില്‍ക്ക്, ആ സ്ഥാനത്തേത്ത് പുതിയ ആളെത്തിയിട്ടുണ്ട്; ഷാഹിദ് അഫ്രിദിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍
Sports News
ബൂം ബൂം അഫ്രിദിയൊക്കെ അങ്ങ് മാറി നില്‍ക്ക്, ആ സ്ഥാനത്തേത്ത് പുതിയ ആളെത്തിയിട്ടുണ്ട്; ഷാഹിദ് അഫ്രിദിയെ മറികടന്ന് ഇന്ത്യന്‍ നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th August 2022, 10:13 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാക് ഇതിഹാസം ഷാഹിദ് അഫ്രിദിയുടെ റെക്കോഡ് മറികടന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരം എന്ന അഫ്രിദിയുടെ റെക്കോഡാണ് രോഹിത് മറികടന്നിരിക്കുന്നത്.

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ നാലാം ടി-20യിലായിരുന്നു രോഹിത് ശര്‍മയുടെ റെക്കോഡ് നേട്ടം. മൂന്ന് സിക്‌സറായിരുന്നു രോഹിത് ശര്‍മ വിന്‍ഡീസിനെതിരെ ഫ്‌ളോറിഡയില്‍ നേടിയത്. ഈ പ്രകടനമാണ് താരത്തെ റെക്കോഡിനൊപ്പമെത്തിച്ചിരിക്കുന്നത്.

477 സിക്‌സറുകളാണ് രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അടിച്ചുകൂട്ടിയത്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാക് ലെജന്‍ഡ് ഷാഹിദ് അഫ്രിദിയുടെ പേരില്‍ 476 സിക്‌സറാണ് ഉണ്ടായിരുന്നത്.

 

 

എന്നിരുന്നാലും പട്ടികയില്‍ ഒന്നാമന്‍ വെസ്റ്റ് ഇന്‍ഡീസ് കൊടുങ്കാറ്റായ ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന ക്രിസ് ഗെയ്ല്‍ തന്നെയാണ്. രോഹിത് ശര്‍മയെക്കാള്‍ 56 സിക്‌സര്‍ അധികമടിച്ചാണ് ഗെയ്ല്‍ പട്ടികയിലെ ഒന്നാമനായി തുടരുന്നത്. 533 സിക്‌സറാണ് തന്റെ അന്താരാഷ്ട്ര കരിയറില്‍ ഗെയ്ല്‍ അടിച്ചുകൂട്ടിയത്.

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

1. ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) 533 സിക്‌സര്‍

2. രോഹിത് ശര്‍മ (ഇന്ത്യ) 477 സിക്‌സര്‍

3. ഷാഹിദ് അഫ്രിദി (പാകിസ്ഥാന്‍) 476 സിക്‌സര്‍

4. ബ്രന്‍ഡന്‍ മക്കെല്ലം (ന്യൂസിലാന്‍ഡ്) 398 സിക്‌സര്‍

5. മാര്‍ട്ടിന്‍ ഗപ്ടില്‍ (ന്യൂസിലാന്‍ഡ്) 379 സിക്‌സര്‍

അതേസമയം, വിന്‍ഡീസിനെതിരായ നാലാം മത്സരത്തില്‍ 33 റണ്‍സെടുത്ത് രോഹിത് ശര്‍മ പുറത്തായിരുന്നു. 16 പന്തില്‍ നിന്നും 206.25 സ്‌ട്രൈക്ക് റേറ്റിലായിരുന്നു രോഹിത്തിന്റെ വെടിക്കെട്ട്.

രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഇന്ത്യന്‍ നായകന്‍ 33 റണ്‍സെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14 ഓവര്‍ പിന്നിടുമ്പോള്‍ 132 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. രോഹിത്തിന് പുറമെ 14 പന്തില്‍ നിന്നും 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെയും 19 പന്തില്‍ നിന്നും 21 റണ്‍സെടുത്ത ദീപക് ഹൂഡയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

28 പന്തില്‍ നിന്നും 39 റണ്‍സുമായി വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും ഏഴ് പന്തില്‍ നിന്നും എട്ട് റണ്‍സുമായി സഞ്ജു സാംസണുമാണ് നിലവില്‍ ക്രീസില്‍.

 

Content Highlight: Indian skipper Rohit Sharma surpasses Shahid Afridi’s record