[] ദുബായ്: മലയാളികള്‍ ഉള്‍പ്പെടെ 33 ഇന്ത്യക്കാരായ കപ്പല്‍ജീവനക്കാര്‍ മാസത്തിലേറെയായി ദുബായ് തീരത്തിനടുത്ത് നടുക്കടലില്‍. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന രണ്ട് ഇന്ത്യന്‍ ചരക്കുകപ്പലുകള്‍ മാസങ്ങളായി കരയ്ക്കടുക്കാനാവാതെ നങ്കൂരമിട്ടുനില്‍ക്കുകയാണ്.
മുംബൈ ആസ്ഥാനമായുള്ള വരുണ്‍ ഷിപ്പിങ് കമ്പനിയുടെ മഹര്‍ഷി ദേവത്രയ, മഹര്‍ഷി ഭാവത്രയ എന്നീ കപ്പലുകളാണ് കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. മഹര്‍ഷി ദേവത്രയ 16 മാസവും രണ്ടാമത്തെ കപ്പല്‍ ഒമ്പത് മാസവുമായി ദുബായ് ഡ്രൈ ഡോക്കില്‍ പ്രവേശനവും കാത്തിരിക്കുകയാണ്. കരയില്‍ ഇറങ്ങാന്‍ വീസയില്ലെന്നും തിരിച്ച് ഇന്ത്യയിലേക്കു പോകാന്‍ കപ്പലിന്റെ രേഖകളുടെ കാലാവധി 2013 ഡിസംബര്‍ 29ന് തീരുകയും ചെയ്തതോടെ കടലില്‍ തടവുകാരായി മാറിയെന്നുമാണ് നാവികര്‍ പറയുന്നത്.
കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരിലെ കിണറുള്ളതില്‍ ദിനേശ്, എറണാകുളം വൈറ്റില സ്വദേശി ആല്‍ഡ്രിന്‍ ആന്റോ എന്നിവരാണ് ദേവത്രയയില്‍ കുടുങ്ങിയ മലയാളികള്‍. കപ്പല്‍ ഉടമകളുടെ അനാസ്ഥയാണ് പ്രശ്‌നത്തിന് കാരണം. തനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തുകഴിഞ്ഞെന്നും പ്രശ്‌നം എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പില്ലെന്നും മഹര്‍ഷി ദേവത്രയയിലെ ക്യാപ്റ്റന്‍ പറഞ്ഞു.
നാല് മാസം മുമ്പാണ് മഹര്‍ഷി ദേവത്രയയില്‍ കര്‍ണാടക സ്വദേശി രാജ്കിരണ്‍ റായ്കര്‍ ക്യാപ്റ്റനായി ചുമതലയേറ്റത്. കപ്പല്‍ കരയ്ക്കടുക്കാതെ കിടന്നത് മുതല്‍ ഇത്രയും കാലമായി ആര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. മൂന്ന് മാസം കൂടുമ്പോള്‍ ഷിപ്പിങ് കമ്പനി കപ്പലില്‍ എത്തിക്കുന്ന വെള്ളവും ഭക്ഷണവും കൊണ്ട് കഷ്ടിച്ച് ജീവിക്കുകയാണ് എല്ലാവരും.