[share]
[]ന്യൂദല്‍ഹി: ഇന്ത്യയിലെ മതേതരവാദികള്‍ ഹിന്ദുമ മൗലികവാദത്തെ മാത്രം എതിര്‍ക്കുന്നവരാണെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍.
പ്രമുഖ അമേരിക്കന്‍ ഗവേഷകയായ വെന്‍ഡി ഡോണിഗര്‍ എഴുതിയ “ദ ഹിന്ദൂസ് ആന്‍ ആള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി” എന്ന പുസ്തകം വിവാദമായ സാഹചര്യത്തിലാണ് തസ് ലീമ നസ്‌റിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ഇന്ത്യയിലെ മതേതരവാദികള്‍ ഒരിക്കലും മുസ്‌ലീം മൗലികവാദികള്‍ക്കെതിരെ പ്രതിഷേധിയ്ക്കാറില്ലെന്നും തസ്‌ലീമ നസ്‌റിന്‍ പറഞ്ഞു.
“അവര്‍ യഥാര്‍ത്ഥ സെക്യുലറിസ്റ്റുകളാണെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ഹിന്ദു മത മൗലികവാദികളെയും മുസ്‌ലീം മൗലികവാദികളേയും ഒരുപോലെ വിമര്‍ശിയ്ക്കാറുണ്ട്.
ഹിന്ദു മൗലികവാദികളാല്‍ ആക്രമിയ്ക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ ഇത്തരം സെക്യുലറിസ്റ്റുകള്‍ വരും. എന്നാല്‍ മുസ്‌ലീം മൗലികവാദികളാല്‍ ആക്രമിയ്ക്കപ്പെടുന്ന എഴുത്തുകാര്‍ക്കോ സംവിധായകര്‍ക്കോ സാധാരണക്കാര്‍ക്കോ ഒപ്പം നില്‍ക്കാന്‍ അവരെ കിട്ടില്ല. ഇത് ഭയപ്പെടുത്തുന്ന പ്രവണതയാണ്”- തസ്‌ലീമ നസ്‌റിന്‍ പറഞ്ഞു.
പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച വെന്‍ഡി ഡോണിഗറിന്റെ “ദ ഹിന്ദൂസ് ആന്‍ ആള്‍ട്ടര്‍നെറ്റീവ് ഹിസ്റ്ററി” എന്ന പുസ്തകം ഹിന്ദുക്കളെ അപമാനിയ്ക്കുന്നതാണെന്ന ആരോപണത്തെ തുടര്‍ന്ന് പ്രസാധകര്‍ പിന്‍വലിച്ചിരുന്നു.
പുസ്തകം ഹിന്ദുക്കളെ അപമാനിയ്ക്കുന്നതാണെന്നാരോപിച്ച് “ശിക്ഷാ ബച്ചാവോ ആന്ദോളന്‍” എന്ന സംഘടനയാണ് ദല്‍ഹി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിയുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് പുസ്തകം പിന്‍വലിയ്ക്കാന്‍ പെന്‍ഗ്വിന്‍ ബുക്‌സ് തീരുമാനിച്ചത്.
പുസ്തകം പിന്‍വലിച്ചതിനെതിരെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുള്‍പ്പെടെ നിരവധി എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.