ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-03 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു. ക്രയോജനിക് എന്‍ജിന്റെ പ്രവര്‍ത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു.
ഇതോടെ ഇ.ഒ.എസ്- 03 ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐ.എസ്.ആര്‍.ഒയ്ക്ക് സാധിച്ചില്ല. പിന്നാലെ മിഷന്‍ പൂര്‍ണ്ണ വിജയമായിരുന്നില്ല എന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 5.43നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം.
51.70 മീറ്റര്‍ ഉയരമുള്ള ജി.എസ്.എല്‍.വി ഒരു ത്രീ സ്റ്റേജ് എന്‍ജിന്‍ റോക്കറ്റാണ്. ആദ്യ ഘട്ടത്തില്‍ ഖര ഇന്ധനവും രണ്ടാം ഘട്ടത്തില്‍ ദ്രാവക ഇന്ധനവുമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നാം ഘട്ടത്തിലാണ് ക്രയോജനിക് യന്ത്രം പ്രവര്‍ത്തിക്കുന്നത്.
24 മണിക്കൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുക എന്നതായിരുന്നു ഇ.ഒ.എസ്-03 വിക്ഷേപണത്തിന്റെ ലക്ഷ്യം. ഇ.ഒ.എസ്-3 ഉപഗ്രഹത്തിന്റെ ഭാരം 2268 കിലോഗ്രാമാണ്. ഉപഗ്രഹത്തിന്റെ ആയുസ്സ് പത്തുവര്‍ഷമായിരുന്നു. വിക്ഷേപിച്ച് 18 മിനിട്ടിനുള്ളില്‍ ഭ്രമണ പഥത്തില്‍ എത്തിക്കാനായിരുന്നു ലക്ഷ്യം.
പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03.