രാവും പകലും കാലാവസ്ഥാ ഭേദമില്ലാതെ ഭൗമചിത്രങ്ങളെടുക്കാന്‍ ശേഷിയുള്ള 1850 കിലോഗ്രാം ഉപഗ്രഹം 480 കിലോമീറ്റര്‍ അകലെയുള്ള താല്‍ക്കാലിക ഭ്രമണപഥത്തിലാണ് പിഎസ്എല്‍വി സി-19 എത്തിച്ചത്. ഉപഗ്രഹത്തില്‍ ഘടിപ്പിച്ചി ബൂസ്റ്റര്‍ റോക്കറ്റുകളുടെയും മറ്റും സഹായത്തില്‍ ഇത് പിന്നീട് 536 കിലോമീറ്റര്‍ അകലെയുള്ള സ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും. തിങ്കളാഴ്ച ആരംഭിച്ച 71 മണിക്കൂര്‍ കൗണ്ട്ഡൗണിന് ശേഷമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും ചിലവേറിയ ഉപഗ്രഹമാണിത്.
പ്രതിരോധ രംഗത്തും, കാലാവസ്ഥാ പഠനത്തിലും കാര്‍ഷിക രംഗത്തും ഏറെ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് റിസാറ്റ് ഒന്ന് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തനിവാരണ സംവിധാനവും സൂക്ഷ്മ കാലാവസ്ഥാ നിരീക്ഷണവും ലക്ഷ്യമിട്ടുള്ളതാണ് റിസാറ്റ്-ഒന്ന്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും അതിനൂതന ഉപഗ്രഹചിത്ര സംപ്രേക്ഷണ സംവിധാനവുമായി സിന്തറ്റിക് അപേര്‍ചര്‍ റഡാര്‍ (സാര്‍) പേലോഡാണ് ഇതിലുള്ളത്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളിലൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഉപഗ്രഹചിത്ര സംപ്രേഷണ സംവിധാനമാണ് സാര്‍ പേലോഡിലുള്ളത്. 10 വര്‍ഷം മുന്‍പാണു റിസാറ്റ്-ഒന്ന് ദൗത്യം ആരംഭിച്ചത്.
പി.എസ്.എല്‍.വിയുടെ ഇരുപതാമത്തെ വിജയകരമായ വിക്ഷേപണം കൂടിയായിരുന്നു ഇന്നത്തേത്. ഇന്നത്തേതുള്‍പ്പെടെ പിന്നിട്ട 21 വിക്ഷേപണങ്ങളില്‍ ഒന്നു മാത്രമാണ് വിജയം കാണാതെ പോയത്.