അദ്‌ലിയയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് കഴിഞ്ഞ ദിവസം അധികൃതര്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.
ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ റസ്റ്റോറന്റിലെ ഡ്യൂട്ടി മാനേജര്‍ തടയുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വിവാദമായതോടെ സംഭവത്തില്‍ റസ്റ്റോറന്റ് മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിച്ചു. ഡ്യൂട്ടി മാനേജരുടെ ഭാഗത്തു നിന്നുണ്ടായ പിഴവ് സ്ഥാപനത്തിനെതിരായ രീതിയില്‍ മാറിയെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ക്ഷമാപണത്തില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള നിബന്ധനകളും നയങ്ങളും നടപ്പാക്കാന്‍ ഒരു ടൂറിസം കേന്ദ്രവും ശ്രമിക്കരുതെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി പറഞ്ഞു. ബഹ്‌റൈന്റെ നിയമങ്ങള്‍ ലംഘിക്കുന്ന പോളിസികള്‍ രാജ്യത്തെ ഒരു ടൂറിസം സ്ഥാപനവും പിന്തുടരുതെന്നും അതോറിറ്റി പറഞ്ഞു.
രാജ്യത്തെ റസ്റ്റോറന്റുകളും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസം സ്ഥാപനങ്ങള്‍ക്കും ബാധകമായ 1986ലെ നിയമപ്രകാരമാണ് ഇത്തരം വിവേചനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്നും ബഹ്‌റൈന്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content Highlight: report says Indian restaurant in Bahrain shut down for denying entry to veiled woman