ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ജൂനിയര്‍ താരമായ നായകനു മുന്നില്‍ മെരുങ്ങാത്ത ഒറ്റയാന്‍ ആയിരുന്നില്ല ക്യാപ്റ്റന്‍ കൂള്‍. വിരാടിനു മുന്നിലെ സൂപ്പര്‍ നായകനായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു പരമ്പരയില്‍ ധോണി.
കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് അവസാനിക്കുന്നത് റെക്കോര്‍ഡുകളുടെ പെരുമഴയുമായിട്ടാണ്. റണ്‍മഴ കണ്ട പരമ്പരയില്‍ അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മുഴുവന്‍ സമയ നായക വേഷത്തില്‍ അരങ്ങേറിയ ക്യാപ്റ്റന്‍ കോഹ്‌ലിക്കും ഇന്ത്യന്‍ ടീമിനും ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന പരമ്പരയാണ് ഇന്നലെ കൊല്‍ക്കത്തയില്‍ അവസാനിച്ചത്.
കേദാര്‍ ജാദവ് എന്ന പുത്തന്‍ താരോദയം, യുവരാജ് സിങ് എന്ന ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ രാജാവിന്റെ തിരിച്ചു വരവ്. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ പിന്നോട്ട് പോകാത്ത ധോണിയുടെ മനോഭാവം വ്യക്തിഗതമായും പരമ്പരയിലെ നേട്ടങ്ങളുടെ പേരിലും റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയ ടീമുകളുടെ നേട്ടം ഏറെ പ്രതീക്ഷകള്‍ പകരുന്ന പരമ്പരയായിരുന്നുവെന്ന് നിസംശയം പറയാം.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും കൂടി ഈ പരമ്പരയില്‍ നേടിയത്. 2090 റണ്‍സായിരുന്നു പരമ്പരയില്‍ ആകെ പിറന്നത്. 2007ലെ ഏഷ്യാ കപ്പില്‍ പിറന്ന 1892 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയാകുന്നത്.
ഇരു ടീമുകളുടെയും ടീം ടോട്ടല്‍ എല്ലാ കളിയിലും മുന്നൂറു കടന്നു എന്നതാണ് മറ്റൊരു വിശേഷത. മൂന്നു മത്സര പരമ്പരയുടെ ചരിത്രത്തില്‍ ഇത്തരമൊരു റെക്കോര്‍ഡ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. 2013ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചു മത്സര പരമ്പരയിലാണ് ഇതിനു മുമ്പ് ആറു ഇന്നിംഗ്‌സുകളിലും ടീം ടോട്ടല്‍ മുന്നൂറിലെത്തുന്നത്.
സ്ഥിരം നായക വേഷത്തിലിറങ്ങിയ ആദ്യ പരമ്പരയില്‍ തന്നെ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തമാക്കി. 17 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം. ദക്ഷിണാഫ്രിക്കന്‍ നായകനായ എ.ബി.ഡി വില്ലിയേഴ്‌സിന്റെ 18 കളികളില്‍ നിന്നുള്ള റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്.
ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ “യുവ രാജാവായി” അരങ്ങു വാണ യുവിയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവ് തന്റെ കരിയറിലെ തന്നെ റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാനാണെന്ന് കരുതിയവരായി ആരും തന്നെയുണ്ടാകില്ല. 2011ല്‍ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ഏകദിന കിരീടം സ്വന്തമാക്കിയപ്പോള്‍ ലോകകപ്പിന്റെ താരമായിരുന്ന യുവി അര്‍ബുദ ബാധിതനായി കളമൊഴിഞ്ഞ ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയിരുന്നെങ്കിലും തന്റെ പ്രതാപ കാലത്തെ പ്രകടനത്തിന്റെ നിഴല്‍ പോലുമായിരുന്നില്ല അത്.
ടീമില്‍ നിന്ന് വീണ്ടും പുറത്തായ യുവി ഇത്തവണ ഏകദിന ടീമില്‍ ഇടം നേടിയപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയായിരുന്നു. ഇതിനുള്ള വിശദീകരണമായി നായകന്‍ കോഹ്‌ലി പറഞ്ഞത് ടീമിന്റെ മുന്‍ നിര തകര്‍ന്നാല്‍ മധ്യ നിരയില്‍ ധോണിക്കു കൂട്ടായി ഒരാള്‍ വേണം അതിനു ഏറ്റവും അനുയോജ്യന്‍ യുവി തന്നെയാണ് എന്നായിരുന്നു. കട്ടക്കിലെ രണ്ടാം ഏകദിനത്തില്‍ നായകന്റെ പ്രതീക്ഷ കാത്ത യുവരാജ് മികച്ച വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയാണ് ഗാലറിയിലേക്ക് മടങ്ങിയത്. അതും 65-3 എന്നനിലയില്‍ മുന്‍ നിര തകര്‍ന്ന ഇന്ത്യന്‍ ഇന്നിങ്‌സിനെ ധോണിയോടൊപ്പം സേഫ് സോണില്‍ എത്തിച്ചിട്ട്.
കേദാര്‍ ജാദവെന്ന പുതിയൊരു താരത്തെയാണ് ടീമിന് പരമ്പരയിലൂടെ ലഭിച്ചിരിക്കുന്ന്. മുന്നു കളിയില്‍ നിന്ന് 77.36 റണ്‍സ് ശരാശരിയില്‍ 232 റണ്‍സായിരുന്നു താരം നേടിയത്. ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററും ഈ യുവതാരം തന്നെയാണ്. ഒരു പരമ്പരയില്‍ ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും ജാദവ് സ്വന്തം പേരില്‍ കുറിച്ചു. 144.09 ആണ് സ്‌ട്രൈക്ക് റേറ്റ്.
നായകസ്ഥാനം ഒഴിഞ്ഞ ധോണി കളത്തില്‍ എങ്ങനെയായിരിക്കും എന്നതായിരുന്നു എല്ലാവരും പ്രതീക്ഷയോടെ പരമ്പരയില്‍ നോക്കിയിരുന്നത്. മാറ്റങ്ങള്‍ ഒന്നുമുണ്ടായില്ല. ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ജൂനിയര്‍ താരമായ നായകനു മുന്നില്‍ മെരുങ്ങാത്ത ഒറ്റയാന്‍ ആയിരുന്നില്ല ക്യാപ്റ്റന്‍ കൂള്‍. വിരാടിനു മുന്നിലെ സൂപ്പര്‍ നായകനായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു പരമ്പരയില്‍ ധോണി. ആദ്യ മത്സരത്തില്‍ ഡി.ആര്‍.എസ് അമ്പയറോട് ആവശ്യപ്പെട്ട ധോണി തുടര്‍ന്നുള്ള മത്സരങ്ങളിലും അത് തുടര്‍ന്നു. വൈസ് ക്യാപ്റ്റന്റെ റോളായിരിക്കും തനിക്കെന്നു പ്രഖ്യാപിച്ച ധോണി യുവതാരങ്ങള്‍ക്ക് പ്രചോദനവും ഉപദേശങ്ങളും നല്‍കി കളം നിറഞ്ഞ് കളിച്ചു.
മത്സരത്തിനു മുമ്പ് പിച്ച് പരിശോധിക്കാന്‍ നായകനും കോച്ചിനും മാത്രമെ അനുവാദമുള്ളു എന്നിരിക്കെ കൊല്‍ക്കത്ത ഏകദിനത്തിനു മുമ്പ് പരിശീലനം കഴിഞ്ഞ ധോണിയായിരുന്നു ഈ ജോലിയും ഏറ്റെടുത്തത്. എല്ലാ അര്‍ത്ഥത്തിലും മികച്ചൊരു സൂപ്പര്‍ നായകന്‍. നീളന്‍ മുടിയുമായി ടീമില്‍ വന്ന കാലത്തെ അനുസ്മരിപ്പിച്ച് ബൗളര്‍മാരെ തല്ലിതകര്‍ത്ത ധോണി രണ്ടാം ഏകദിനത്തില്‍ 122 പന്തില്‍ നിന്ന് 10 ബൗണ്ടറികളും ആറു സിക്‌സറുമടക്കം 134 റണ്‍സായിരുന്നു നേടിയത്. ഒരിന്ത്യന്‍ താരത്തിന്റെ സിക്‌സറുകളുടെ റെക്കോര്‍ഡും സച്ചിനില്‍ നിന്ന് ധോണി പരമ്പരക്കിടെ സ്വന്തമാക്കി.