സൂറിച്ച്: ഫിഫയുടെ ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യ 165-ാം സ്ഥാനത്ത്. പുതിയ ഫിഫ റാങ്കിംഗ് അനുസരിച്ചാണ് ഇന്ത്യ ഏഴു സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി 165-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇതോടെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും താഴ്ന്ന റാങ്കിനൊപ്പമെത്തി.
2007ലാണ് ഇന്ത്യ ഇതിനു മുമ്പ് 165-ാം സ്ഥാനത്തായത്. ഇത് ബോബ് ഹൂട്ടന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനത്തിരിക്കുമ്പോഴായിരുന്നു. പുതിയ പട്ടികയില്‍ സ്ഥാനം പിറകോട്ട് പോയത് കഴിഞ്ഞ മാസം നേപ്പാളില്‍ നടന്ന എഎഫ്‌സി ചലഞ്ച് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് പുറത്തായതാണ്.
ഇപ്പോള്‍ ഫിഫ റാങ്കിംഗ് പട്ടികയില്‍ ആകെ 204 രാജ്യങ്ങളാണുള്ളത്. ഇന്ത്യ 1993-ലാണ് ആദ്യമായി ഫിഫ റാങ്കിംഗില്‍ കയറിപ്പറ്റിയത്. 1993-ല്‍ ഫിഫ റാങ്കിങ്ങില്‍ ഇടം നേടിയ ഇന്ത്യ 1996-ല്‍ 94-ാം സ്ഥാനത്തെത്തിയിരുന്നു. ഇതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച റാങ്കിംഗ്.
ഫിഫയുടെ ലിസ്റ്റിലുള്ള 46 ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ 32-ാമതാണ്. നേപ്പാള്‍(149), ബംഗ്ലാദേശ്(152), മാലദ്വീപ്(164) എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യയെക്കാള്‍ മുന്നിലാണ്.