ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി ഗതി ശക്തിയുടെ ഭാഗമായി 500 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അടുത്ത 5 വര്‍ഷത്തിനിടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നത്.
‘പ്രധാന്‍മന്ത്രി ഗതി ശക്തി മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങളുമായി തടസ്സമില്ലാത്ത രീതിയില്‍ കോര്‍ത്തിണക്കുന്ന തരത്തിലുള്ള ടെര്‍മിനലുകളായിരിക്കും.
അടുത്ത 4 മുതല്‍ 5 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 500 കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്,’ റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു.
ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതിശക്തി പദ്ധതി ഉദ്ഘാടനം ചെയ്തത്.
പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തിയുള്ള അടിസ്ഥാനസൗകര്യവികസനങ്ങള്‍ വികസിപ്പിക്കുകയും മെച്ചപ്പെട്ട ഗതാഗത സംവിധാനം നിര്‍മിക്കുന്നതുമാണ് ഗതിശക്തി പദ്ധതി.
ഇതിലൂടെ ആളുകള്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവ ഒരു ഗതാഗത മാര്‍ഗ്ഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സമില്ലാത്ത യാത്രാസൗകര്യം ഒരുക്കും. യാത്രാക്ലേശങ്ങളും യാത്രാസമയവും കുറയ്ക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ഇതിന്റെ ഭാഗമായി ലഭ്യമാവും.